ഒ.എൽ.എക്സിന്‍റെയും ബി.എസ്.എൻ.എല്ലിന്‍റെയും പേരിൽ ഓൺലൈൻ തട്ടിപ്പ്; നഷ്ടമായ പണം തിരിച്ചുപിടിച്ച് സൈബർ പൊലീസ്

ആലുവ: ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമായാൽ ഉടൻ പൊലീസിൽ അറിയിക്കേണ്ടതിന്‍റെ ആവശ്യത വ്യക്തമാക്കി രണ്ട് തട്ടിപ്പ് സംഭവങ്ങൾ. രണ്ട് കേസുകളിലായി വയോധികന്‍റെയും യുവാവിന്‍റെയും പണമാണ് ഇക്കുറി നഷ്ടപ്പെട്ടത്. എന്നാൽ, നഷ്‌ടപ്പെട്ട പണം റൂറൽ സൈബർ പൊലീസിന്‍റെ ഇടപെടലിലൂടെ തിരിച്ചുപിടിക്കാനായി.

എടത്തല പുക്കാട്ടുപടി സ്വദേശിയായ അറുപതുകാരന് അക്കൗണ്ടിലുണ്ടായിരുന്ന 74,498 രൂപയാണ് നഷ്ടപ്പെട്ടത്. ബി.എസ്.എൻ.എൽ കണക്ഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സിം കാർഡിന്‍റെ കെ.വൈ.സി കാലാവധി കഴിഞ്ഞെന്നും ഉടൻ പുതുക്കിയില്ലെങ്കിൽ സേവനം അവാസാനിക്കുമെന്നും പറഞ്ഞാണ് മൊബൈലിൽ മെസേജ് വന്നത്. ബന്ധപ്പെടാൻ പറഞ്ഞ മൊബൈൽ നമ്പറിൽ ഇദ്ദേഹം വിളിച്ചു. ഒരു ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ സംഘം നിർദ്ദേശിച്ചു. ബി.എസ്.എൻ.എല്ലിലേതുമായി സാദൃശ്യമുള്ളതായിരുന്നു ആപ്പ്. ഇത് ഡൗൺലോഡ് ചെയ്ത ശേഷം അതുവഴി പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു. എല്ലാം ചെയ്തു കഴിഞ്ഞ് മണിക്കൂറുകൾക്കകം അക്കൗണ്ടിലുള്ള തുക മുഴുവൻ തട്ടിപ്പുസംഘം തൂത്തു പെറുക്കി കൊണ്ടുപോവുകയായിരുന്നു.

ഉടനെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്.പിയുടെ നിർദേശത്തെ തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തുക പോയിരിക്കുന്നത് ഒൺലൈൻ ഗെയിം കളിക്കുന്ന അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തിൽ മനസിലായി. ഗെയിമിന്‍റെ ലീഗൽ സെല്ലുമായി പൊലീസ് ബന്ധപ്പെടുകയും പണം അറുപതുകാരന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു.

ഒ.എൽ.എക്സ് വെബ്സൈറ്റിൽ ക്യാമറ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യു.സി കോളജ് സ്വദേശിയായ യുവാവിന് 25,000 രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തിൽ ഉണ്ടായിരുന്ന നമ്പറിൽ യുവാവ് ബന്ധപ്പെട്ടു. ആർമി ഉദ്യോഗസ്‌ഥനാണെന്നും നെടുമ്പാശേരി എയർപോർട്ടിലാണ് ജോലിയെന്നും ഇപ്പോൾ ആലുവയിലുണ്ടെന്നും പരസ്യം നൽകിയയാൾ പറഞ്ഞു. പണത്തിന് അത്യാവശ്യമായതു കൊണ്ടാണ് വിലകൂടിയ ക്യാമറ അറുപതിനായിരം രൂപക്ക് വിൽക്കുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.

ആവശ്യപ്പെട്ടതനുസരിച്ച്  യുവാവ് 25,000 രൂപ അക്കൗണ്ട് വഴി അഡ്വാൻസ് നൽകി. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് യുവാവ് എസ്.പിക്ക് പരാതി നൽകിയത്. സൈബർ പൊലീസ് സ്റ്റേഷൻ ടീം ഉടനെ ഇടപെട്ട് പണം കൈമാറിയ  അക്കൗണ്ട് ഫ്രീസ് ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഓൺലൈൻ ഇടപാടുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. ഇത്തരം സന്ദേശങ്ങളും, പരസ്യങ്ങളും യഥാർഥത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തണം. ആപ്പുകൾ സൂക്ഷിച്ച് ഡൗൺലോഡ് ചെയ്യണമെന്നും എസ്.പി പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ സി. കൃഷ്ണകുമാർ, സി.പി.ഒമാരായ പി.എസ്. ഐനീഷ്, ജെറി കുര്യാക്കോസ്, സി.ഐ. ഷിറാസ് അമീൻ എന്നിവരും ഉണ്ടായിരുന്നു. 

Tags:    
News Summary - Two people lost money in online scam; Cyber ​​police recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.