Representational Image

കൂടുതൽ പണം വാഗ്ദാനം ചെയ്തു; ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ്​ ചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി 10.30ഓടെ മഞ്ചേരി കച്ചേരിപ്പടിയിലാണ് സംഭവം.

ആഗസ്റ്റ് 19ന് നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റാണ് സംഘം തട്ടിയെടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഒരു മാസമായിട്ടും പണം കൈപ്പറ്റാന്‍ അലവി സമര്‍പ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്​. എന്നാല്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘം ഇടനിലക്കാര്‍ മുഖേന സമീപിച്ച് ടിക്കറ്റിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.



(അറസ്റ്റിലായ മുജീബ്, പ്രഭാകരൻ)

 

പണം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാത്രി 10.30ഓടെ കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകന്‍ ലോട്ടറി ടിക്കറ്റുമായെത്തിയപ്പോള്‍ കാറിലെത്തിയ എട്ടംഗ സംഘം ഇദ്ദേഹത്തില്‍നിന്ന് ടിക്കറ്റ് തട്ടിയെടുത്ത് കടന്നെന്നാണ് പരാതി. ഇടനിലക്കാരായ രണ്ടുപേരാണ് പിടിയിലായത്. മറ്റ് ആറുപേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജറാക്കി.

കേസ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റിൽ സമ്മാനം നൽകാതിരിക്കാന്‍ ലോട്ടറി വകുപ്പിന് പൊലീസ് നിര്‍ദേശം നല്‍കി. സി.ഐ റിയാസ് ചാക്കീരി, എസ്.ഐ കെ. ഷാഹുല്‍, സി.പി.ഒമാരായ ഹരിലാല്‍, മുഹമ്മദ് സലീം, ബോസ്, അബ്ദുല്ല ബാബു, ദിനേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - two people have been arrested in the case of stealing the first prize lottery ticket manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.