മണ്ണഞ്ചേരി/ ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലിൽ സുഹൈൽ (ബാബു) -ഷാഹിദ ദമ്പതികളുടെ മകളുമായ നഫീസത്തുൽ മിസ്‌രിയ (എട്ട്), കുട്ടനാട് കൈനകരി കുട്ടമംഗലം സനീഷ് ഭവനിൽ സുനിരാജ്- ഷീജമോൾ ദമ്പതികളുടെ മകൾ അനൈന സുബി (ആറ്) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത തോട്ടിലേക്ക് വീണാണ് നഫീസത്തുൽ മിസ്‌രിയ മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷന് കിഴക്ക് വാഴയിൽ ഭാഗത്താണ് സംഭവം. കാലവർഷത്തെ തുടർന്ന് വെള്ളം നിറഞ്ഞ അങ്ങാടി തോട്ടിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ മാതാവ് ഷാഹിദയാണ് തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ രക്ഷിക്കാൻ തോട്ടിലേക്ക് ചാടിയ ഷാഹിദ ഒഴുക്കിൽപെട്ടു. നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസത്തുൽ മിസ്‌രിയ മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 8.30 നാണ് കുട്ടമംഗലം ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി അനൈന സുബി അപകടത്തിൽപെടുന്നത്. രാവിലെ പല്ലുതേച്ച ശേഷം മുഖം കഴുകാനായി വീടിന് മമ്പിലെ പരുത്തിവളവ് തോട്ട് കടവിലേക്ക് പോയതാണ്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽനിന്ന് മൃതദേഹം കിട്ടിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
നഫീസത്തുൽ മിസ്‌രിയയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റുമോർട്ടത്തിന് ശേഷം പാണംതൈ തർബിയത്തുൽ ഇസ്‌ലാം മദ്റസയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മണ്ണഞ്ചേരി കിഴക്കേ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഏക സഹോദരി: നാഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.