ബാലരാമപുരം(തിരുവനന്തപുരം): കോട്ടുകാല്കോണത്തെ രണ്ടരവയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകം നടന്ന് രണ്ടുദിവസമായിട്ടും ദുരൂഹത ഒഴിയുന്നില്ല. ദേവേന്ദുവിന്റെ മാതാവ് ശ്രീതുവിന്റെ സഹോദരന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ദേവേന്ദുവിന്റെ മുത്തശ്ശി ശ്രീകല, ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്ത്, ശ്രീതുവുമായി സമ്പത്തിക ഇടപാടുള്ള ജ്യോത്സ്യന് എന്നിവരെ വെള്ളിയാഴ്ച രാവിലെ ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു.
കൊലപാതകത്തില്‍ നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. ഹരികുമാർ മൊഴികൾ മാറ്റിപ്പറയുന്നത് പൊലീസിനെ കുഴക്കുന്നു. ഹരികുമാറുമായും ശ്രീതുവുമായും അടുപ്പമുള്ള ജ്യോത്സ്യൻ കരിക്കകം സ്വദേശി പ്രദീപിനെയും പൊലീസ് ചോദ്യം ചെയ്തു. ശ്രീതുവിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഭർത്താവ് ശ്രീജിത്ത് മൊഴിനൽകവെ പൊലീസിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രണ്ടരവയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതക കാരണത്തിലാണ് അവ്യക്തത തുടരുന്നത്. കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നു. പ്രതി ജ്യോത്സ്യൻ പ്രദീപിന്റെ നിർദേശങ്ങള്‍ അനുസരിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു.
എല്ലാവരും സംശയനിഴലിലാണെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും റൂറല്‍ എസ്.പി സുദര്ശന് പറഞ്ഞു. ദേവേന്ദുവിന്റെ സഹോദരി, മുത്തച്ഛന്, തുടങ്ങിയവരെയും സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഹരികുമാര്‍ മുമ്പും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴിയുണ്ട്. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.