തൃശൂർ: ആനയുടമയാണോ? ആനയെ പരിപാലിക്കുന്നുണ്ടോ? എങ്കിൽ ഒരു ആനക്ക് രണ്ടര ഏക്കർ എന്ന കണക്കിൽ സ്ഥലംവേണം. കുടിക്കാൻ ഒഴുക്കുള്ള നീർച്ചാൽ വേണം. ഇത് മാത്രമല്ല ആനയെ പരിപാലിക്കുന്നതിന് പൂർവാർജിത സ്വത്തുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. ഇതൊന്നുമില്ലാതെ വളർത്തുന്ന ആനകളെ സർക്കാർ മുതൽക്കൂട്ടാൻ നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രം. ആന പരിപാലനത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ച കടുത്ത നിർദേശങ്ങളെ തുടർന്നാണ് നടപടി.
കോടതിയുടെ പുതിയ ഉത്തരവ് സംസ്ഥാനത്തെ പരിമിതമായ സൗകര്യത്തിൽ ആനകളെ പരിപാലിക്കുന്ന വ്യക്തികളെ മാത്രമല്ല, 48 ആനകളുള്ള ഗുരുവായൂർ ദേവസ്വം, 10 ആനകളുള്ള കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവയെയും ബാധിക്കും. നിലവിൽ 50 രൂപയുടെ മുദ്രപത്രത്തിൽ സ്ഥാപിക്കുന്ന ആന ഉടമാവകാശം പുതിയ ഉത്തരവോടെ അസാധുവാകും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നൽകിയ ഉത്തരവ് പ്രകാരം എല്ലാ സംസ്ഥാനത്തെയും നാട്ടാനകളെ കണ്ടെത്തി ഉടമാവകാശ സർട്ടിഫിക്കറ്റ് പരിശോധിച്ച് വ്യക്തത വരുത്തണം. നിയമപ്രകാരമല്ലാതെ ആനകളെ കൈവശം വെച്ചവർക്ക് സുപ്രീംകോടതി നിർദേശിച്ച യോഗ്യതകൾ ഉണ്ടെങ്കിൽ താൽക്കാലിക ഉടമാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അത്തരം രണ്ട് തരത്തിലുമുള്ള ഉടമാവകാശ സർട്ടിഫിക്കറ്റ് ഉള്ള ആനകളെ കണക്കാക്കി സംസ്ഥാനങ്ങൾ ഡിസംബർ 31നകം നൽകണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി നൽകിയിരിക്കുന്ന നിർദേശം.
നാട്ടാനപരിപാലന നിയമം ഉണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന പരാതിയിൽ കേന്ദ്ര അനിമൽ വെൽഫെയർ ബോർഡിെൻറ പരിശോധന റിപ്പോർട്ടാണ് വിധിക്കാധാരമായത്. ആനയൊന്നിന് രണ്ടരയേക്കർ സ്ഥലം, ഒഴുകുന്ന നീർച്ചാൽ, ഉടമയുടെ സ്വത്ത് വിവരം തുടങ്ങി നിബന്ധനകളുമായി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധിയുണ്ടായത്. ഡിസംബർ 31നകം സംസ്ഥാനങ്ങളിലെ ആനകളുടെ വിശദാംശങ്ങൾ വ്യക്തതയോടെ സമർപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.