ട്വന്‍റി ട്വന്‍റിയും ആപ്പും ബൂർഷ്വാസിയുടെ രണ്ടാം മുഖം, ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല -മന്ത്രി എം.വി ഗോവിന്ദൻ

തൃക്കാക്കര: ട്വന്‍റി ട്വന്‍റി പാർട്ടിയും ആം ആദ്മി പാർട്ടിയും ബൂർഷ്വാസിയുടെ രണ്ടാം മുഖമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ. ബൂർഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോൺഗ്രസ് ആണ്. കേരളത്തിൽ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മാപ്പ് പറയണമെന്ന ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന്‍റെ ആവശ്യം അംഗീകരിക്കില്ല. സർക്കാറിന് സ്വന്തം നിലപാടുണ്ട്. അത് ആരെങ്കിലും പറഞ്ഞത് കൊണ്ട് മാറ്റാനാവില്ല. വ്യവസായ വകുപ്പ് ഒരു നിലപാട് സ്വീകരിക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനികളെയോ കണ്ടല്ല. കിറ്റെക്സിനോട് പകപോക്കലില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയിൽ എ.എ.പി-ട്വന്‍റി ട്വന്‍റി വോട്ടുകൾ പൂർണമായി എൽ.ഡി.എഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടാണോ ട്വന്‍റി ട്വന്‍റിക്ക് പോയത് അവിടേക്ക് തന്നെ തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ബാധിക്കുന്നതല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ രാഷ്ട്രീയ പ്രസക്തിയില്ല. അതിനാൽ എൽ.ഡി.എഫിന് രാഷ്ട്രീയ നഷ്ടമുണ്ടാവില്ല. തൃക്കാക്കരയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ ഭരണം പിടിക്കുമെന്ന് ബി.ജെ.പി പറയാൻ തുടങ്ങിയിട്ട് എത്ര വർഷമായി. എന്താണ് കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ. കേരളത്തെ പോലെ മാതൃക കാണാൻ സാധിക്കുന്ന മറ്റൊരു പ്രദേശം ലോകത്തില്ല. എന്നാൽ, കേരളത്തിന് അതിന്‍റേതായ മാതൃകയുണ്ട്. അതുമായി മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് കേരളം.

ഇന്ത്യയിൽ ഭരണം പിടിച്ചവർക്ക് കേരളം പിടിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ബി.ജെ.പി അടക്കമുള്ളവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പറയുന്നത് പോലെ കേരളത്തിൽ പറഞ്ഞാൽ നടക്കാത്തതെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - Twenty20 and AAP are the second face of the bourgeoisie, no one will say no to votes - Minister MV Govindan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.