കൊച്ചി: ഇത്തവണ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ്. കൊച്ചി കോർപറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. ട്വിന്‍റി ട്വന്‍റിക്ക് 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും.
കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുമെന്നും സാബു എം ജേക്കബ് വിശദമാക്കി. കൊച്ചി കോർപറേഷനിൽ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.
അതേസമയം, കേരളത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. മട്ടന്നൂർ നഗരസഭയിലും ഇത് ബാധകമാണ്.
സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ നഗരസഭയിൽ 2027ലാണ് തെരഞ്ഞെടുപ്പ് നടക്കുക. 33,746 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.
കഴിഞ്ഞ തവണ ഡിസംബർ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതി നിലവിൽ വരുകയും ചെയ്തു. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.