ട്വന്‍റി-20 സാന്നിധ്യം; എറണാകുളത്തും ചാലക്കുടിയിലും ഇരുമുന്നണിക്കും ആശങ്ക

കൊ​ച്ചി: ചാലക്കുടിയിലും എറണാകുളത്തും ട്വന്‍റി20 സ്ഥാനാർഥികളുടെ സാന്നിധ്യം തങ്ങളുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുമോയെന്ന ആശങ്കയിലാണ് മുന്നണി സ്ഥാനാർഥികൾ. കുന്നത്തുനാട്​ അടക്കം ട്വന്‍റി20 ശക്തികേന്ദ്രങ്ങളിലെ ഉയർന്ന പോളിങ് ശതമാനമാണ് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. രണ്ട് ലോക്സഭ മണ്ഡലങ്ങളിൽ കന്നിയങ്കത്തിനിറങ്ങിയ അവർ മുന്നണി സ്ഥാനാർഥികളോട് കിടപിടിക്കുന്ന പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രചാരണ രംഗത്തെ സജീവത വോട്ടായി മാറിയിട്ടുണ്ടെങ്കിൽ അത് ഏത് മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നത് പ്രവചനാതീതവുമാണ്.

ട്വന്‍റി20 കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. ഇവിടങ്ങളിൽനിന്നായി 1,45,664 വോട്ട് നേടി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 42,701 വോട്ട്​ നേടിയ കുന്നത്തുനാട്ടിലെ പ്രകടനമാണ്. പെരുമ്പാവൂർ -20,536, കൊച്ചി -19,676, വൈപ്പിൻ -6,707, തൃക്കാക്കര -13,897, മൂവാറ്റുപുഴ -13,535, എറണാകുളം -10,634, കോതമംഗലം -7,978 എന്നിങ്ങനെയാണ് ഇവർ നേടിയ വോട്ട്. ഇതിൽതന്നെ എറണാകുളം ലോക്സഭ മണ്ഡല പരിധിയി​ലെ നാല് നിയമസഭ മണ്ഡലങ്ങളിൽനിന്നായി 61,000ത്തോളം വോട്ട് നേടിയപ്പോൾ ചാലക്കുടി പരിധിയിലെ രണ്ട് മണ്ഡലങ്ങളിൽനിന്നായി 64,000ത്തോളം വോട്ടുകളാണ് പിടിച്ചത്. ചാലക്കുടിയിൽ രണ്ട് ലക്ഷത്തിന് മുകളിലും എറണാകുളത്ത് ഒന്നര ലക്ഷത്തോളവും വോട്ടാണ് സംഘടനയുടെ കണക്കുകൂട്ടൽ. ഇത്​ ശരിയായിവന്നാൽ അത് മുന്നണികൾക്ക് തലവേദനയാകും. ഇരു മണ്ഡലങ്ങളും യു.ഡി.എഫ് സിറ്റിങ് സീറ്റുകളാണ്. ഇവരുടെ വോട്ടർമാരിൽ ഭൂരിഭാഗവും യു.ഡി.എഫ് അനുഭാവികളായ മധ്യവർഗക്കാരും ഇടത്തരക്കാരുമാണെന്നും അതുകൊണ്ടുതന്നെ വലിയ രീതിയിൽ ഇവർ വോട്ട്​ പിടിച്ചാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് ഇടത് ക്യാമ്പിലെ വിലയിരുത്തൽ. എന്നാൽ, ട്വന്‍റി20 വോട്ടുകൾ വിജയപ്രതീക്ഷയെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് ക്യാമ്പ്​ ആശ്വസിക്കുന്നത്​. ചാലക്കുടിയിൽ 60,000 മുതൽ 80,000 വരെയും എറണാകുളത്ത് 30,000 മുതൽ 50,000 വരെയും വോട്ടുകൾ ട്വന്‍റി20 നേ‍ടിയേക്കാമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

Tags:    
News Summary - Twenty-20 presence; Worry on both fronts in Ernakulam and Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.