തലയോലപ്പറമ്പ് (കോട്ടയം): ഭരണകൂടത്തിന്റെ അനാസ്ഥമൂലം ജീവൻപൊലിഞ്ഞ ബിന്ദുവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോട്ടയം മെഡിക്കൽകോളജിലെ ഇടിഞ്ഞുവീണ പഴകിയ കെട്ടിടത്തിനടിയിൽ രണ്ടര മണിക്കൂറോളം കിടന്ന് ശ്വാസംമുട്ടി മരിച്ച ബിന്ദുവിന്റെ (52) സംസ്കാര ചടങ്ങുകൾ വികാരനിർഭരമായ അന്തരീക്ഷത്തിൽ തലയോലപ്പറമ്പ് മേപ്പാട്ടിലെ വീട്ടുവളപ്പിൽ നടന്നു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് തലയോലപ്പറമ്പിലെ പണിതീരാത്ത വീട്ടിൽ എത്തിച്ചത്.
മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് ബിന്ദുവിന് സമീപത്ത് നിന്ന് മാറാതെയിരുന്നു. ഇടക്കിടക്ക് ‘അമ്മാ’യെന്ന് ഉറക്കെ നിലവിളിക്കുന്നതും കാണാമായിരുന്നു. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയ പലരും പൊട്ടിക്കരഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ നവമി കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. അമ്മയെ കാണാനില്ലെന്ന് കഴിഞ്ഞദിവസം നവമി ആവർത്തിച്ചതും ചാണ്ടി ഉമ്മൻ എം.എൽ.എയോട് ഇക്കാര്യം പറഞ്ഞതുമാണ് ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്താൻ ഇടയാക്കിയത്.
ബിന്ദുവിന്റെ മാതാവ് സീതാലക്ഷ്മിയുടെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചകം പിളർത്തുന്നതായിരുന്നു. ആശ്വസിപ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ജില്ല കലക്ടർ ജോൺ വി. സാമുവൽ എന്നിവരോട് മകൾ നഷ്ടമായതിലെ വേദന അടക്കിവെക്കാനാകാതെ അവർ പൊട്ടിക്കരഞ്ഞു. ഉച്ചക്ക് 12 മണിയോടെ വീടിന് സമീപത്തുള്ള സഹോദരിയുടെ പുരയിടത്തിൽ ഒരുക്കിയ ചിതയിൽ ബിന്ദുവിന്റെ സംസ്കാരകർമം നടന്നു. ഭരണപക്ഷത്ത് നിന്ന് സി.കെ. ആശ എം.എൽ.എയും ഭരണകൂടത്തെ പ്രതിനിധീകരിച്ച് കലക്ടറും മാത്രമാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രി വി.എൻ വാസവൻ ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ച് അടിയന്തര ധനസഹായമായ 50,000 രൂപ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.