പോപുലർ ഫ്രണ്ടിന് ഇനി പ്രതീക്ഷ ട്രൈബ്യൂണലും കോടതികളും

കൊച്ചി: നിയമവിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ നിരോധിച്ചതിന് പിന്നാലെ തുടർനടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചെങ്കിലും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഇനി ട്രൈബ്യൂണലിന്‍റെ വിധിക്ക് കൂടി കാത്തിരിക്കാം.

കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ രൂപം നൽകുന്ന ട്രൈബ്യൂണൽകൂടി വിഷയം പരിഗണിച്ച് ഈ ഉത്തരവ് ശരിവെച്ചാലേ ഉപാധികളില്ലാത്തവിധം പൂർണാർഥത്തിൽ നിരോധനം നടപ്പാവൂവെന്ന ചെറിയ പ്രതീക്ഷയാണ് സംഘടനക്ക് മുന്നിലുള്ളത്.

നിരോധനം സംബന്ധിച്ച വിവരം ഔദ്യോഗിക ഗസറ്റിലും ഒരു അച്ചടി മാധ്യമത്തിലും വിജ്ഞാപനം ചെയ്തശേഷം ഏതെങ്കിലും ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലെ ട്രൈബ്യൂണൽ രൂപവത്കരിക്കുകയെന്നതാണ് അടുത്ത നടപടി. സ്ഥിരം ട്രൈബ്യൂണൽ നിലവിലില്ലെങ്കിലാണ് പുതിയത് രൂപവത്കരിക്കേണ്ടിവരിക.

സംഘടനക്ക് നോട്ടീസ് നൽകി അവരുടെയും മറ്റ് കക്ഷികളുടെയും നിലപാട് തേടിയാണ് കേന്ദ്രസർക്കാർ ഉത്തരവ് അന്തിമമാക്കുകയോ തള്ളുകയോ ചെയ്യുക. ആറു മാസത്തിനകം ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം.

കേന്ദ്ര ഉത്തരവ് ട്രൈബ്യൂണൽ ശരിവെച്ചാൽ മാത്രമേ വ്യവസ്ഥ പ്രകാരം നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് സാധുതയുണ്ടാകാറുള്ളൂ. എന്നാൽ, പോപുലർ ഫ്രണ്ടിന്‍റെ കാര്യത്തിൽ നിരോധന വിജ്ഞാപനമുണ്ടായ ബുധനാഴ്ചതന്നെ ഈ വ്യവസ്ഥ പ്രകാരമുള്ള നടപടികൾക്ക് സാധുത നൽകിയിട്ടുണ്ട്.

എങ്കിലും ട്രൈബ്യൂണൽ നടപടികൾ ചട്ടപ്രകാരം ഒഴിവാക്കാനാവില്ല. രാജ്യത്തിന്‍റെ അഖണ്ഡത, പരമാധികാരം, രാജ്യസുരക്ഷ, പൊതുസമാധാനം, മതസൗഹാർദം എന്നിവയെ ബാധിക്കുന്ന വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് സംഘടനയെ നിരോധിച്ചത്.

ഇത് ചോദ്യം ചെയ്തോ ട്രൈബ്യൂണൽ ഉത്തരവ് വന്നതിന് ശേഷമോ ഹൈകോടതികളെയോ സുപ്രീംകോടതിയെയോ സമീപിക്കാനും കഴിയും. നിരോധനം അന്തിമമായശേഷം സംഘടനയിൽ അംഗമാകുന്നതും യോഗങ്ങളിൽ സംബന്ധിക്കുന്നതും സംഭാവനകൾ നൽകുന്നതും സ്വീകരിക്കുന്നതും ഏതെങ്കിലും തരത്തിൽ നിരോധിത സംഘടനയെ സഹായിക്കുന്നതും കുറ്റകരമാണ്. ഇത് വ്യക്തികൾക്കും ബാധകമാണ്.

സിമി നിരോധനത്തിന് ശേഷം നൂറുകണക്കിനാളുകളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോവാദി നിരോധനവുമായി ബന്ധപ്പെട്ടും അറസ്റ്റുകൾ നടക്കുന്നുണ്ട്.

Tags:    
News Summary - Tribunal and Courts now hope for Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.