ആദിവാസി ഭൂമികൈയേറ്റം: ആർ.സുനിലിനെതിരെ പൊലീസെടുത്ത കേസ് നിരുപാധികം പിൻവലിക്കണമെന്ന് ദലിത് സമുദായ മുന്നണി

തൃശൂർ: ആദിവാസി ഭൂമികൈയേറ്റം: ആർ.സുനിലിനെതിരെ പൊലീസെടുത്ത കേസ് നിരുപാധികം പിൻവലിക്കണമെന്ന് ദലിത് സമുദായ മുന്നണി. ആദിവാസി-ദലിത് മേഖലകളിലെ ഭൂമി കൈയേറ്റത്തിനും ചൂഷണത്തിനും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നിരന്തരം വാർത്തകളും അന്വേഷണാത്മക റിപ്പോർട്ടുകളും നൽകുന്ന മുതിർന്ന പത്രപ്രവർത്തകനാണ് ഡോ.ആർ. സുനിൽ.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖകളുടെയും അനധികൃത ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ഭൂമാഫിയ കൈയടക്കുന്നതിനെതിരായി ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ നിരവധി റിപ്പോർട്ടുകൾ ചെയ്യുകയും ഇത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചക്ക് വിധേയമാകുകയും നടപടി എടുക്കുവാൻ സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഗായിക നഞ്ചിയമ്മയുടെ ഭൂമി കെ.വി മാത്യു, ജോസഫ് കുര്യൻ എന്നീ വ്യക്തികൾ തട്ടിയെടുത്തത് അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നത്.

ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് വിശ്വസിച്ച ആനക്കട്ടിയിലെ സുധീറിന്റെ ഭൂമി തിരിച്ചു കിട്ടിയതി മറിറൊന്നാണ്. 2700 ഏക്കറോളം വരുന്ന അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയത് റദ്ദാക്കിയതും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലുകളുടെ ചില ഉദാഹരണങ്ങളാണ്.ഇത്തരത്തിൽ സാമൂഹിക നീതിക്കായി പത്രപ്രവർത്തനത്തെ ഉപയോഗിക്കുന്ന സുനിലിന് എതിരെയാണ് ഭൂമി കൈയേറ്റത്തിന്റെ വാർത്ത നൽകിയതിന് അട്ടപ്പാടി അഗളി പോലീസ് കേസ് എടുത്തിരിക്കുന്നത്.

അട്ടപ്പാടിയിലെ വരഗംപാടിയിലെ ആദിവാസിയായ ചന്ദ്രമോഹൻ തന്റെ 12 ഏക്കർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കൈയേറാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിക്കും ലാൻഡ് റവന്യൂ കമ്മിഷണർക്കും പാലക്കാട് കലക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതി വാർത്തയാണ് മാധ്യമം ഓൺലൈനിൽ നൽകിയത്. ഈ വാർത്ത ചൂണ്ടിക്കാണിച്ച് ജോസഫ് കുര്യൻ നൽകിയ പരാതിയിന്മേലാണ് അഗളി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ജോസഫ് കുര്യൻ എന്നയാൾ അട്ടപ്പാടിയിൽ നിരവധി സ്ഥലങ്ങളിൽ ആദിവാസി ഭൂമിക്ക് വ്യാജരേഖകളുണ്ടാക്കുകയും റവന്യൂ അധികാരികളെ സ്വാധീനിച്ച് നികുതി രസീതും, കൈവശ സർട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച്, കോടതികളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന വൻ ഭൂമാഫിയ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. റവന്യൂ വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ നിന്ന് ജോസഫ് കുര്യൻ ആരാമെന്ന വ്യക്തമാണ്.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയറ്റം സംബന്ധിച്ച് വാർത്തകൾ തടയുന്നതിനുവേണ്ടിയാണ് പൊലീസ് കേസ് എടുത്തത്. പട്ടിണി മരണം നേരിടുന്ന അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തറിയുന്നത് മാധ്യമങ്ങൾ വഴിയാണ്. അത് തടയുകയാണ് ഈ പരാതിയുടെ ലക്ഷ്യം. ആട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകന്റെ പേരിലുള്ള കേസ് പിൻവലിക്കണമെന്ന് മുഖ്യമന്തിയോട് ദലിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട്, ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Tribal Land Grabbing: Dalit Community Front Says Police Case Against R. Sunil Is Unconditionally Difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.