ഒരുമാസം മുമ്പ് കാണാതായ ആദിവാസി പെൺകുട്ടികളെ ഉൾവനത്തിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

അടിമാലി: ഒരു മാസം മുമ്പ് കാണാതായ ആദിവാസി പെൺകുട്ടികളെ ഉൾവനത്തിൽ കണ്ടെത്തി. ഇടുക്കി അടിമാലി പഞ്ചായത്തിലെ തലനിരപ്പൻ ആദിവാസി ഉന്നതിയിൽ നിന്ന് കാണാതായ 14ഉം 15ഉം വയസുള്ള രണ്ട് പെൺകുട്ടികളെയാണ് കണ്ടെത്തിയത്.

ഒരുമാസം മുമ്പ് പെൺകുട്ടികളെ കാണാതായതോടെ ബന്ധുകളും നാട്ടുകാരും അടിമാലി പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് വനംവകുപ്പിൻ്റെ സഹായത്തോടെ വനത്തിലും മറ്റിടങ്ങളിലും വ്യാപക അന്വേഷണം നടത്തിയിരുന്നു. രണ്ടുദിവസം മുമ്പ് പ്രദേശവാസിയായ ആദിവാസി യുവാവ് അരിയും മറ്റ് പലചരക്ക് സാധനങ്ങളുമായി വനത്തിലേക്ക് പോകാൻ തയാറായി നിൽക്കുന്നത് സമീപത്തുള്ളവർ കണ്ട് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടികളെ കാണാതായതിന്‍റെ ചുരുളഴിഞ്ഞത്.

പെൺകുട്ടികൾ തന്‍റെയും മറ്റൊരു യുവാവിന്‍റെയും കൂടെയാണെന്നും വനത്തിൽ കൂറ്റൻ മരങ്ങളുടെ ചുവട്ടിലും പാറയിടുക്കിലുമായി തങ്ങൾ കഴിഞ്ഞുവരികയാണെന്നും ഇയാൾ പറഞ്ഞു. യുവാക്കൾ ഭൂരിഭാഗവും സമയം വനത്തിൽ കഴിയുന്നതിനാൽ ഇവരെ നേരത്തെ നാട്ടുകാരും പൊലീസും സംശയിച്ചിരുന്നില്ല. കൂടുതൽ ഭക്ഷ്യവസ്തുക്കൾ വാങ്ങി വനത്തിലേക്ക് പോകാൻ ഒരുങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്.

പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ യുവാക്കളെ പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തു. ഒരു മാസമായിട്ടും പെൺകുട്ടികളെ കണ്ടെത്താൻ സാധിക്കാതിരുന്നത് പൊലീസിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.

Tags:    
News Summary - Tribal girls who went missing a month ago found in the forest; two youths who were with them arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.