തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര ചികിത്സപ്പിഴവ്. ഇടതുകണ്ണിനുള്ള ചികിത്സക്കെത്തിയ രോഗിക്ക് ഇഞ്ചക്ഷൻ നൽകിയത് വലതുകണ്ണിൽ. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തു. ബീമാപള്ളി സ്വദേശിയായ അസൂറ ബീവി ഇടതുകണ്ണിലെ കാഴ്ച മങ്ങലിന് ഒരു മാസമായി റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ചികിത്സയുടെ ഭാഗമായ ഇഞ്ചക്ഷനുവേണ്ടി ജൂൺ രണ്ടിന് അഡ്മിറ്റാകണമെന്ന് നിർദേശിച്ചത്.
ഇഞ്ചക്ഷനുള്ള മരുന്ന് വിപണിയിലില്ലാത്തതിനാൽ ഒരാൾക്ക് 6000 രൂപ അയച്ചുകൊടുത്താണ് മരുന്നെത്തിച്ചതെന്ന് മകൻ മാജിദ് പറയുന്നു. തിങ്കളാഴ്ച വൈകീട്ട് തന്നെ മരുന്ന് ഓപറേഷൻ തിയറ്ററിൽ എത്തിച്ചു. രക്തസമ്മർദം മൂലം കണ്ണിലെ ഞരമ്പുകളിലുണ്ടായ നീർക്കെട്ട് മാറുന്നതിനുള്ളതാണ് ഈ ഇഞ്ചക്ഷൻ.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ, രോഗിയെ സർജറി ബ്ലോക്കിലേക്ക് കൊണ്ടുപോകുകയും ഇഞ്ചക്ഷന് മുന്നോടിയായി ഇടതുകണ്ണ് ക്ലീൻ ചെയ്യുകയും ചെയ്തു. എന്നാൽ, കുത്തിവെപ്പെടുത്തതാകട്ടെ കാര്യമായി കുഴപ്പമൊന്നുമില്ലാത്ത വലതുകണ്ണിലും. ഈ സമയം രോഗിക്കും കാര്യം മനസ്സിലായിരുന്നില്ല. കുത്തിവെപ്പ് കഴിഞ്ഞ് താഴത്തെ നിലയിലുള്ള വാർഡിൽ കൊണ്ടുവന്നപ്പോഴാണ് വലതുകണ്ണ് ബാൻഡേജിട്ട് മറച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടതെന്ന് മാജിദ് പറയുന്നു. അപ്പോൾ തന്നെ വാർഡിലുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിനോട് വിവരം അറിയിച്ചു. അവർ ഉടൻ ഫോണിൽ ആരെയോ വിളിക്കുകയും തന്നോട് വേഗം കുത്തിവെപ്പ് നൽകിയ ഡോക്ടറെ കാണാൻ നിർദേശിക്കുകയും ചെയ്തു.
‘ചുവന്ന് ചെങ്കണ്ണ് പോലെ ഇൻഫെക്ഷനായി കണ്ടതിനാലാണ് വലതുകണ്ണിന് കുത്തിവെപ്പ് നൽകിയതെന്നായിരുന്നു’ ഡോക്ടർ പറഞ്ഞതെന്ന് മകൻ വ്യക്തമാക്കുന്നു. ചികിത്സപ്പിഴവിനെ തുടർന്ന് കുടുംബം വഞ്ചിയൂർ പൊലീസിലും ഒപ്പം ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും ഡി.എം.ഇക്കും പരാതി നൽകി. ചൊവ്വാഴ്ച രാത്രി തന്നെ സംഭവം അധികൃതർക്ക് റിപ്പോർട്ട് ചെയ്തതായി കണ്ണാശുപത്രി ഡയറക്ടർ വ്യക്തമാക്കി. പിന്നാലെയാണ് അന്വേഷണവിധേയമായി ഡോ. സുജീഷിനെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.