ട്രഷറി നിയന്ത്രണം കോവിഡ് കാലത്തേതിന് സമാനം

തിരുവനന്തപുരം: ട്രഷറി വഴിയുള്ള ബിൽ മാറ്റ പരിധി 5 ലക്ഷമായി ധനവകുപ്പ് പരിമിതപ്പെടുത്തിയതോടെ ഫലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയടക്കം ബില്ലുകളൊന്നും മാറാനാകാത്ത സ്ഥിതി. ഇതിന് മുമ്പ് കോവിഡ് കാലത്താണ് ട്രഷറി പരിധി അഞ്ച് ലക്ഷമായി താഴ്ത്തിയത്. ഓണക്കാലത്ത് ഇത്രയധികം നിയന്ത്രണം വരുന്നത് സമീപകാലത്ത് ഇതാദ്യമാണ്.

ശനിയാഴ്ച വരെ സമർപ്പിച്ച ബില്ലുകൾ പ്രത്യേക ക്യൂവിലേക്ക് മാറ്റാനാണ് ട്രഷറികൾക്കുള്ള ധനവകുപ്പിന്‍റെ നിർദേശം. ഫലത്തിൽ അനിവാര്യ ചെലവുകൾ ഒഴികെ ബില്ലുകൾ മാറിക്കിട്ടാൻ ഓണം കഴിയണമെന്ന് ഏതാണ്ട് വ്യക്തമായി. ട്രഷറി നിയന്ത്രണം എത്രനാൾ എന്നതും ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം അനുവദിച്ച ആനുകൂല്യങ്ങളുടെ ബിൽ മാറുന്നതിനും തടസ്സമുണ്ടാകുന്നതായാണ് വിവരം. നിയന്ത്രണം വന്നത് ശനിയാഴ്ചയാണെങ്കിലും ഇതിനകം നൽകിയ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ട്രഷറി ഓഫിസർമാർ വിമുഖത കാട്ടുന്നുണ്ട്. ഓണച്ചെലവുകൾക്കുള്ള ബിൽ മാറലുകളെ നിയന്ത്രണം ബാധിക്കില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നതെങ്കിലും മുൻകൂർ അനുമതി വാങ്ങലടക്കം നടപടിക്രമങ്ങൾ വേണമെന്നത് ഇക്കാര്യത്തിൽ പ്രായോഗിക തടസ്സങ്ങളുണ്ടാക്കുമെന്നാണ് വിവരം.

ഓണക്കാലത്തെ അധിക ചെലുവകൾക്കടക്കം ഒരു ശതമാനം അധികം വായ്പക്കുള്ള അനുമതിയോ അല്ലെങ്കിൽ 8000 കോടിയുടെ പാക്കേജോ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും കേന്ദ്രം നിരസിച്ച സാഹചര്യത്തിലാണ് ഓണക്കാലത്ത് കടുത്ത നിലപാടിലേക്ക് ധനവകുപ്പ് കടന്നത്. 20 ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. രണ്ടുമാസത്തെ ക്ഷേമ പെൻഷനായി 1,800 കോടി രൂപയാണ് വേണ്ടിവന്നത്.

ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിക്കുന്നതിനാണ് മാറ്റിവെച്ചത് 630 കോടിയാണ്. ശമ്പളത്തിനും പെൻഷന് പുറമെയാണിത്‌. കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിക്കുന്നതിന്‌ കശുവണ്ടി ഉറപ്പാക്കാൻ കാഷ്യൂ ബോർഡിന്‌ 43 കോടി നൽകിയതും കെ.എസ്‌.ആർ.ടി.സിക്ക്‌ 60 കോടി അനുവദിച്ചതും ഓണക്കാലത്താണ്. മരാമത്ത് കരാറുകാർക്ക് കൊടുക്കാനുള്ളത് 1600 കോടിയാണ്. 

Tags:    
News Summary - Treasury controls are similar to those during the Covid era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.