തിരുവനന്തപുരം: ട്രാൻസ്പോർട്ടിങ് കാരാറുകാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്ത് റേഷൻകടകൾ കാലിയായിത്തുടങ്ങി. പല റേഷൻകടകളിലും ആട്ടയും ഗോതമ്പുമുൾപ്പെടെ എല്ലാ ഇനം ഭക്ഷ്യധാന്യങ്ങളും തീർന്നതോടെ, പൂർണമായും റേഷൻ ലഭിക്കാതെ മടങ്ങി പോകേണ്ട അവസ്ഥയിലാണ് കാർഡുടമകൾ. കഴിഞ്ഞയാഴ്ച മുതലാണ് മൂന്നുമാസത്തെ കരാർ കുടിശ്ശിക ആവശ്യപ്പെട്ട് സംസ്ഥാനത്തെ ട്രാൻസ്പോർട്ടിങ് കാരാറുകാർ പണിമുടക്ക് പ്രഖ്യാപിച്ചത്. എഫ്.സി.ഐയിൽനിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻകടകളിലേക്കും ധാന്യമെത്തിക്കുന്നത് ട്രാൻസ്പോർട്ടിങ് കരാറുകാരാണ്.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മൂന്നുമാസത്തെ തുകയായി 80 കോടിയിലേറെ രൂപയാണ് കരാറുകാർക്ക് സപ്ലൈകോ നൽകാനുള്ളത്. ഈ മാസം 10 വരെ റേഷൻകടകളിലേക്ക് സാധനങ്ങൾ എത്തിക്കുമെന്നും അതിനുമുമ്പ് കുടിശ്ശിക തുക അനുവദിക്കണമെന്നും കാണിച്ച് കരാറുകാരുടെ സംഘടനയായ കേരള ട്രാൻസ്പോർട്ടിങ് കോർപറേഷൻ അസോസിയേഷൻ സപ്ലൈകോ ചെയർമാന് കത്ത് നൽകിയിരുന്നു.
നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ വിതരണം അവസാനിപ്പിച്ചത്. തെക്കൻ ജില്ലകളിൽ ഈ മാസത്തെ വിതരണത്തിന് സ്റ്റോക്കുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ധാന്യങ്ങൾ പേരിന് മാത്രമായി. കരാറുകാർ നിസഹകരണം തുടരുകയാണെങ്കിൽ പൊതുവിതരണ രംഗം നിലക്കുന്ന അവസ്ഥയുണ്ടാകും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ, അഞ്ചാം തവണയാണ് കരാറുകാരുടെ സമരംമൂലം റേഷൻ മുടങ്ങുന്നത്.
ഇടവിട്ട മാസങ്ങളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സമരങ്ങൾക്ക് അന്തിമ പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെടണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.