കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം: വലിയ മാറ്റങ്ങളുണ്ടാക്കും- വീണ ജോര്‍ജ്

തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ആരോഗ്യ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇത്രയും തസ്തികകള്‍ ഒന്നിച്ച് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

പ്രാഥമിക തലത്തില്‍ തന്നെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്ത് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാർഥ്യമാക്കി. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. മൂന്ന് മെഡിക്കല്‍ ഓഫീസര്‍, നാല് സ്റ്റാഫ് നഴ്‌സ്, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുക. ഒന്നും രണ്ടും ഘട്ടമായി സൃഷ്ടിച്ച തസ്തികള്‍ക്ക് പുറമേയാണ് നിർമാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി വരുന്നത്. രാവിലെ 9 മുതല്‍ ആറ് വരെയുള്ള ഒ.പി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി.

രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിങ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിങ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

133 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ - 35, നഴ്‌സിങ് ഓഫീസര്‍ ഗ്രേഡ് II 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II 250, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II - 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും.

Tags:    
News Summary - Transformation into Family Health Centers: Will make a big difference- Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.