ഇടപാടുകൾ ന്യായീകരിച്ച് വെട്ടിലാകേണ്ട; സർക്കാർ ചുവടുകൾ കരുതലോടെ

തിരുവനന്തപുരം: കെല്‍ട്രോണിന്റെ ഇടപാടുകള്‍ ഒന്നാകെ ന്യായീകരിച്ച് കുരുക്കില്‍ ചാടേണ്ടതില്ലെന്ന നിലപാടിൽ സര്‍ക്കാര്‍. മേയ് 20 മുതലാണ് എ.ഐ കാമറ വഴി പിഴ ചുമത്തിത്തുടങ്ങേണ്ടതെങ്കിലും ഇടപാടിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉയർന്നിരിക്കെ കൃത്യമായ വിശദീകരണം നൽകി നിലപാട് സുതാര്യമാക്കാതെ അതിലേക്ക് കടക്കാന്‍ കഴിയില്ല. ഇത് സർക്കാറിനെ വെട്ടിലാക്കുന്നു. കെല്‍ട്രോണിന്റെ ഉപകരാര്‍ കച്ചവടം നേരത്തേ സര്‍ക്കാര്‍ വിലക്കിയതാണ്. ഇടപാടുകള്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാറിനെ എത്തിച്ചതും ഇതാണ്.

പദ്ധതിയില്‍ ഇതുവരെ സര്‍ക്കാര്‍ തുക മുടക്കിയിട്ടില്ല. കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം കമ്പനികളാണ് കാമറ സ്ഥാപിച്ച് കണ്‍ട്രോള്‍ യൂനിറ്റുകള്‍ സജ്ജീകരിച്ചത്. കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയ പദ്ധതി വിവിധ ഘട്ടങ്ങളില്‍ ധനവകുപ്പിന്റെ ടെക്‌നിക്കല്‍ സമിതി ഉൾപ്പെടെ പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ടെന്നാണ് ഗതാഗതവകുപ്പ് നല്‍കുന്ന വിശദീകരണം. കെല്‍ട്രോണ്‍ തയാറാക്കിയ പദ്ധതിരേഖയും ധനവകുപ്പ് പരിശോധിച്ച് അനുമതി നല്‍കിയിരുന്നതായി അധികൃതര്‍ പറയുന്നു. കാമറയടക്കം ഉപകരണങ്ങള്‍ വാങ്ങുക എന്നതിന് പുറമെ അഞ്ചുവര്‍ഷത്തെ പരിപാലനം, കണ്‍ട്രോള്‍ റൂമുകളിലെ ജീവനക്കാരടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ എന്നിവയും പദ്ധതിച്ചെലവ് ഉയര്‍ത്തിയെന്നാണ് വിശദീകരണം.

മൂന്ന് കാര്യങ്ങളിൽ തീരുമാനമെടുക്കാമോ എന്ന് ആരാഞ്ഞാണ് ഫയൽ മന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. കരാറിലേർപ്പെട്ട കെൽട്രോണിന് പ്രോജക്ട് മാനേജ്മെന്‍റ് കൺസൾട്ടന്‍റായി തുടരാൻ അനുവദിക്കാമോ എന്നതും തേഡ് പാർട്ടിക്ക് കെൽട്രോൺ കൊടുത്ത കരാർ അനുവദിക്കാമോ എന്നതുമായിരുന്നു രണ്ടെണ്ണം.

കെൽട്രോണിന് ഫെസിലിറ്റി മാനേജ്മെന്‍റ് സർവിസിനുള്ള അംഗീകാരം നൽകാമോ എന്നത് മൂന്നാമത്തേതും. ആദ്യ രണ്ട് ചോദ്യങ്ങൾക്കും അനുമതി നൽകിയ മന്ത്രിസഭ യോഗം മൂന്നാമത്തെ കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്. 

Tags:    
News Summary - Transactions should not be justified; Government steps cautiously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.