കണ്ണൂർ: 14 ജില്ലകളിലും ട്രാൻസ് ജെൻഡേഴ്സിനു വേണ്ടി സവിശേഷ സഹകരണ സംഘങ്ങൾ രൂപവത്കരിക്കുന്നു. സർക്കാർ പ്രവർത്തന ഗ്രാൻറ് നൽകിയാണ് ഇത്തരം സഹകരണ സംഘങ്ങൾക്ക് രൂപം നൽകുകയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലകളിലും സംഘം രൂപവത്കരിക്കാൻ തക്ക ആളുകളുണ്ടോ എന്നു പരിശോധിച്ചുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ ജീവനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും അംഗങ്ങളിൽ സ്ത്രീകൾ കുറവാണ്. യുവതീ യുവാക്കളുടെ പ്രാതിനിധ്യവും കുറവാണ്. ഇത് പരിഹരിക്കാൻ സഹകരണ കോൺഗ്രസ് തീരുമാനെമടുത്തു. കേരളത്തിലെ പ്രഫഷനൽ കോളജുകളുൾപ്പെടെ എല്ലാ കോളജുകളും കേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ യുവതീ യുവാക്കളുടെ സഹകരണ സംഘങ്ങൾ രൂപവത്കരിക്കും. ഇത്തരം സംഘങ്ങളിൽ 50 ശതമാനത്തിലധികം യുവതികൾക്ക് പ്രാതിനിധ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയെ സമ്പൂർണമായി അഴിമതി മുക്തമാക്കാനുള്ള തീരുമാനമാണ് സഹകരണ കോൺഗ്രസ് കൈക്കൊണ്ടത്. അഴിമതിയുടെ തോത് ഏറെ കുറവുള്ള മേഖലയാണ് സഹകരണം. എന്നാൽ, അടുത്തകാലത്ത് മേഖലക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങൾ ചിലത് ഉണ്ടായിട്ടുണ്ട്. അനാസ്ഥ കാണിക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി തുടർന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.