തിരുവനന്തപുരം: യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനത്തെത്തുന്ന മൂന്ന് ട്രെയിനുകളുടെ സമയം നേരത്തേയാക്കി റെയിൽവേ നടത്തിയ പ്രഖ്യാപനം നടപ്പായില്ല. മൂന്ന് ട്രെയിനുകൾ മാത്രമല്ല, രാവിലെ തിരുവനന്തപുരത്തെത്തേണ്ട ട്രെയിനുകളെല്ലാം വൈകി.
മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ഗുരുവായൂർ - തിരുവനന്തപുരം ഇൻറർസിറ്റി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവയുടെ സമയമാണ് പരിഷ്കരിച്ച് ബുധനാഴ്ച റെയിൽവേ സർക്കുലർ ഇറക്കിയത്.
വെള്ളിയാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകുമെന്നായിരുന്നു അറിയിപ്പ്. ഇതുപ്രകാരം രാവിലെ 10ന് തിരുവനന്തപുരത്തെത്തേണ്ട വഞ്ചിനാട് സ്റ്റേഷനിലെത്തിയത് രാവിലെ 10.25ന്. രാവിലെ 9.50ന് എത്തേണ്ട ഇൻറർസിറ്റിയാകെട്ട എത്തിയത് 10.10ന്. 9.30ന് എത്തേണ്ട മലബാർ എക്സ്പ്രസ് എത്തിയത് 9.50നും.
17 സ്റ്റോപ്പുകളുള്ള കൊല്ലം-തിരുവനന്തപുരം പാസഞ്ചർ രണ്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തെത്തും. എന്നാൽ, തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഏഴ് സ്റ്റോപ്പുകൾ മാത്രമുള്ള മലബാർ എക്സ്പ്രസിന് ഇത്രയും ദൂരം ഒാടിയെത്താൻ രണ്ട് മണിക്കൂർ 25 മിനിറ്റ് വേണം. അതായത് പേട്ടയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരം പിന്നിടാൻ മലബാറിന് വേണ്ടത് 40 മിനിറ്റാണ്.
പൊറുതിമുട്ടിയ യാത്രക്കാരുടെ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമീഷനെ കൂടി കബളിപ്പിക്കുന്നതിനായിരുന്നു തിരക്കിട്ട സമയമാറ്റമെന്നാണ് യാത്രക്കാരുടെ ആരോപണം. വിഷയം പരിഗണിച്ച മനുഷ്യാവകാശ കമീഷൻ സിറ്റിങ് നടന്നത് വ്യാഴാഴ്ചയാണ്. സിറ്റിങ്ങിൽ വൈകലിനെ ന്യായീകരിക്കാൻ കാരണങ്ങെളാന്നുമില്ലാത്ത സാഹചര്യത്തിൽ പിടിവള്ളിയായി മാത്രം ഉപയോഗിക്കുകയായിരുന്നു കടലാസിലൊതുങ്ങിയ സമയമാറ്റ സർക്കുലർ. ആദ്യദിനം തന്നെ ഇക്കാര്യം വെളിപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.