മിഹി​റിന്റെ മരണം ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി; ‘പീഡിപ്പിച്ചവരും നടപടി എടുക്കാത്തവരും ഉത്തരവാദികൾ, മാതാപിതാക്കൾ മക്ക​ളെ ദയയും സ്നേഹവും പഠിപ്പിക്കണം’

കൽപറ്റ: കൊച്ചിയിൽ സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷനേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധി. മിഹിർ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് സ്വദേശിയാണ് മിഹിറിന്റെ മാതാവ്. 

‘മിഹിർ നേരിട്ടത് ഇനി ഒരു കുട്ടിയും സഹിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകൾ. എന്നിട്ടും അവിടെ ആ കുട്ടി നിരന്തര പീഡനങ്ങൾ അനുഭവിച്ചു. ഈ സംഭവത്തിൽ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കൾ മക്കളെ ദയ, സ്നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാൽ അവരെ വിശ്വസിക്കുക, അവർ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കിൽ നിങ്ങൾ ഇടപെടുക’ -അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന  റജ്നയുടെ മകനായ മിഹിർ അഹമ്മദ് സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടർന്ന് ജനുവരി 15നാണ് ജീവനൊടുക്കിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്​ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംഭവദിവസം വൈകീട്ട് സ്കൂളിൽ നിന്നെത്തിയ മിഹിർ 3.50ഓടെ ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും മൊഴിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്കൂളുകാരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, മിഹിർ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേൺ അക്കാദമി സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വൈസ് പ്രിൻസിപ്പലിൽനിന്ന്​ കുട്ടിക്ക്​ മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ്​ പരാതിയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നായിരുന്നു മിഹിറിനെ ഇവിടെ നിന്ന് ഗ്ലോബൽ സ്കൂളിലേക്ക് മാറ്റിയത്.

ജെംസ്‍ സ്കൂളിലും മിഹിർ ക്രൂരമായ റാഗിങ്ങിന്​ ഇരയായെന്നും ഇതാണ്​ മരണത്തിലേക്ക്​ നയിച്ചതെ​ന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയത്. സഹപാഠികൾ മിഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. നിറത്തിന്‍റെ പേരിലും വിദ്യാർഥിക്ക്​ അധിക്ഷേപം നേരിടേണ്ടിവന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളിൽ നിന്നും മിഹിർ കഠിനമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക്​ വിധേയനായി എന്ന്​ വ്യക്​തമാണെന്ന് പരാതിയിൽ പറയുന്നു​. അത്ത​രമൊരു നിസ്സഹായ ഘട്ടത്തിലാണ്​ ജീവനൊടുക്കാൻ തീരുമാനിച്ചത്​. ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനത്തിന്​ മകൻ ഇരയായി എന്ന്​ ചാറ്റുകളിൽ നിന്ന്​ ബോധ്യപ്പെട്ടിട്ടുണ്ട്​. ഈ കാര്യങ്ങൾ സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ പുറം ലോകം അറിയുമ്പോൾ തങ്ങളുടെ സൽപ്പേര്​ നഷ്ടപ്പെടുമെന്ന ആശങ്കയാണ്​ അവർ പ്രകടിപ്പിക്കുന്നത്​. സംഭവത്തിന്​ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ചില സഹപാഠികൾ ചേർന്ന്​ ആരംരഭിച്ച ‘ജസ്റ്റിസ്​ ഫോർ മിഹിർ'' എന്ന ഇൻസ്റ്റഗ്രാം പേജ്​ നീക്കം ചെയ്യപ്പെട്ടതായും ഇതിന്​ പിന്നിൽ ആരുടെയോ സമ്മർദ്ദമുള്ളതായും പരാതിയിൽ പറയുന്നു.

അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂളിൽ അത്തരം സംഭവം നടന്നതായി അറിവില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ടോയ്ലറ്റിൻ്റെ ഭാഗത്ത് രണ്ട് വശത്തും നിരീക്ഷണത്തിന് ആളുകളുണ്ട്. അത് കൊണ്ട് ടോയ്ലറ്റിനുള്ളിൽ അത്തരം സംഭവം നടക്കാനിടയില്ല. സ്കൂളിൻ്റെ സൽപേര് കളയാൻ ആസൂത്രിത ശ്രമമാണോയെന്ന് സംശയമുണ്ടെന്നും സ്കൂൾ അധികൃതർ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.

എന്നാൽ, സ്കൂൾ പറയുന്ന വാദങ്ങളെല്ലാം തെറ്റാണെന്ന് മരിച്ച മിഹിറിന്റെ അമ്മാവൻ ഷെരീഫ് പറഞ്ഞു. മിഹിറിന് നീതി കിട്ടണമെന്നും ഇനിയൊരു സംഭവം ഇത്തരത്തിൽ ഉണ്ടാവാതിരിക്കാൻ ഉറപ്പുവരുത്തണമെന്നും അപകടത്തിനു ശേഷം കിട്ടിയ ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം സ്കൂൾ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു. വിവരങ്ങൾ എല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞത്. സ്കൂളിന് അയച്ച മെയിലും അതിന് തന്ന റിപ്ലൈയും തങ്ങടെ കയ്യിലുണ്ടന്നും ഷെരീഫ് പറഞ്ഞു.

Tags:    
News Summary - Tragic loss of Mihir Ahammed to suicide due to bullying is heartbreaking -rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.