താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ക്രമീകരണം ഇങ്ങനെ...

കൽപറ്റ: അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം കടന്നുപോകാൻ അനുമതി നൽകിയ സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി ഗതാഗതം നിയന്ത്രണ ഏർപ്പെടുത്തും.

രാത്രി 11ന് ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടിലേക്ക് കടന്നുപോകാന്‍ കോഴിക്കോട് ജില്ല ഭരണകൂടം അനുമതി നല്‍കിയ സാഹചര്യത്തിൽ വയനാട് ജില്ലയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം. വ്യാഴം രാത്രി എട്ടു മുതല്‍ ജില്ലയില്‍നിന്നു താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.

1. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്നു കല്‍പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും വ്യാഴം രാത്രി എട്ടു മുതല്‍ ബീനച്ചി-പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.

2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകള്‍ രാത്രി ഒമ്പതിന് ശേഷം കല്‍പറ്റയില്‍ നിന്നു പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.

3. ബത്തേരി, കല്‍പറ്റ ഭാഗങ്ങളില്‍നിന്നു തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.

4. രാത്രി ഒമ്പതിന് ശേഷം കല്‍പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നു വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

Tags:    
News Summary - Traffic control at Thamarassery Churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.