ആലപ്പുഴ: സംസ്ഥാന സർക്കാർ ബജറ്റിലൂടെയും അല്ലാതെയും വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി 28ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രത്യക്ഷസമര പരിപാടികളുടെ 20 മുതൽ 25 വരെ ജില്ലതലങ്ങളിൽ വാഹന പ്രചാരണ ജാഥകൾ നടത്തും. 28ന് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ വ്യാപാരികളും കടകളടച്ച് മാർച്ചിൽ അണിനിരക്കും. ഹെൽത്ത് കാർഡിന്റെ പേരിലെ അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കുക, ഇന്ധന സെസ്, കെട്ടിട നികുതി വർധന, വർധിപ്പിച്ച വെള്ളക്കരം എന്നിവ പിൻവലിക്കുക, വികസനത്തിന്റെ പേരിൽ ഒഴിപ്പിച്ച വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. സബിൽരാജ്, ജേക്കബ് ജോൺ, വർഗീസ് വല്യാക്കൽ, ബി. മുഹമ്മദ് നജീബ്, സുനിൽ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
ഹെൽത്ത് കാർഡിനുള്ള ടൈഫോയ്ഡ് പ്രതിരോധ കുത്തിവെപ്പ് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
മറ്റ് പകർച്ചവ്യാധികളും ഉണ്ടെന്നിരിക്കെ ടൈഫോയ്ഡ് വാക്സിൻ മാത്രമെടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത് ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. സർക്കാർ ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് വലിയതുക കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന മരുന്ന് വിൽക്കാൻ മരുന്നുകമ്പനിയും ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയുടെ ഭാഗമാണിതെന്നും ഹെൽത്ത് കാർഡിന്റെ മറവിൽ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.