‘കുഞ്ഞികൃഷ്ണനും ഗോവിന്ദനും വർഗവഞ്ചകരെന്ന് പറയാനാവില്ല’; സി.പി.എം നിലപാട് മയപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായി എന്ന് മുന്നണിക്ക് അഭിപ്രായമില്ലെന്നും നാളെ അങ്ങനെ നിഗമനത്തിലെത്തുമോ എന്ന് പറയാനാവില്ലെന്നും ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പരാമർശം.

‘‘ഭരണനടപടികളോട് എവിടെയാണ് എതിർപ്പുള്ളത്. ഭരണ വിരുദ്ധ വികാരമാണെങ്കിൽ സർക്കാറിന്റെ ഇന്നയിന്ന നടപടികൾ തെറ്റാണ് എന്ന് പറയേണ്ടതല്ലേ. ഭരണത്തെ കുറിച്ച് ഇടതുമുന്നണിയിലും തെറ്റായ അഭിപ്രായം വന്നിട്ടില്ല. സർവേ റിപ്പോർട്ടുകളെല്ലാം വന്നപ്പോൾ ആദ്യ സ്ഥാനത്ത് പിണറായി വിജയന്‍റെ പേരായിരുന്നു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ അദ്ദേഹത്തിന് അംഗീകാരം കിട്ടുന്നതെങ്ങനെ?’’ ടി.പി. രാമകൃഷ്ണൻ ചോദിച്ചു. ഇങ്ങനെ ഒരു തിരിച്ചടി സിപിഎമ്മോ ഇടതു മുന്നണിയോ പ്രതീക്ഷിച്ചിട്ടേയില്ല. അത് എന്തുകൊണ്ട് വന്നു എന്നത് പരിശോധിക്കുമെന്നും ടി.പി പറഞ്ഞു.

കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനോടും ടി.കെ. ഗോവിന്ദനോടുമുള്ള നിലപാട് സി.പി.എം മയപ്പെടുത്തി. ഇരുവരും വർഗവഞ്ചകരാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് വാർത്തസമ്മേളനത്തിൽ ചേദ്യമുയർന്നപ്പോൾ ടി.പി. രാമകൃഷ്ണന്‍റെ പ്രതികരണം. പാർട്ടി തീരുമാനം ലംഘിച്ച് തൊഴിലാളിവർഗ താൽപര്യത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരെയാണ് വർഗ വഞ്ചകൻ എന്ന് പറയുന്നത്. ഇരുവരെയും കുറിച്ച ഈ പരാമർശം അവിടത്തെ പാർട്ടി നിലപാടാണ്. വിട്ടുപോകുന്ന ആളുകൾ തിരുത്തി തിരിച്ചുവരണമെന്നാണ് സി.പി.എം നിലപാട്. അവർക്ക് തിരിച്ചുവരാൻ കഴിയില്ല എന്നൊന്നും പറയാൻ പറ്റില്ല. തെറ്റ് അംഗീകരിക്കുകയാണ് പ്രധാനം. ഈ തെറ്റ് അങ്ങനെയൊരു തെറ്റാണെന്നും ഇപ്പോൾ പറയാനാവില്ല. പാർട്ടി കമ്മിറ്റിയിൽ ആലോചിച്ച് നിലപാടെടുക്കും. അവരുടെ നിലപാടാണോ തങ്ങളുടെ നിലപാടാണോ ശരിയെന്ന് സാവകാശം ആലോചിക്കാമെനും ടി.പി. പറഞ്ഞു.

‘പാർട്ടി സെക്രട്ടറിയെ മാറ്റൽ ആലോചനയിലില്ല’

പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറിയെ മാറ്റണമെന്ന വിധത്തിൽ ഒരു ആലോചനയിലും പാർട്ടിയിലില്ലെന്ന് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. പാർട്ടി ആലോചിക്കാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കാനാവില്ല. പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കുമെതിരെയുള്ള പോസ്റ്ററുകളിൽ ഇടതുമുന്നണിക്കോ സി.പി.എമ്മിനോ പങ്കില്ല. നിർഭയമായും സ്വതന്ത്രമായും ഇനി പാർട്ടി കമ്മിറ്റികളിൽ അഭിപ്രായം പറയാമെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ ഇതുവരെ ഭയമായിരുന്നുവെന്ന് വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വേണ്ടെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല -ടി.പി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ സി.പി.എമ്മാണ് തീരുമാനിക്കുന്നതെന്നും ആ സ്ഥാനത്തേക്ക് പിണറായി വിജയൻ വേണ്ടെന്ന് മുന്നണി യോഗത്തിലോ സി.പി.എമ്മിന് മുന്നിലോ സി.പി.ഐ പറഞ്ഞിട്ടില്ലെന്നും കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐക്ക് കൈമാറുന്നത് സംബന്ധിച്ച് ആലോചനയുണ്ടായിട്ടില്ല.

മുൻകാലത്തെ സമീപനമാണ് ഇക്കുറിയും. എന്തെങ്കിലും ആവശ്യമുയർന്നാൽ അപ്പോൾ നിലപാട് സ്വീകരിക്കും. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞാൽ ഉടൻ പ്രതിപക്ഷ നേതാവിനെ കുറിച്ച തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - T.P. Ramakrishnan says election defeat is not anti-government sentiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.