അമ്മക്ക് പ്രായമായെന്ന് കൊടി സുനി, പഠിച്ച് ജോലി ചെയ്യണമെന്ന് ഷാഫി, ബൈപാസ് കഴിഞ്ഞെന്ന് കെ.കെ കൃഷ്ണൻ; കോടതിയിൽ പ്രാരാബ്ധം നിരത്തി ടി.പി. കേസ് കുറ്റവാളികൾ

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ വർധിപ്പിക്കാതിരിക്കാൻ ഹൈകോടതിയിൽ പ്രാരാബ്ധങ്ങൾ നിരത്തി പ്രതികൾ. ഭാര്യയും കുട്ടികളുമുണ്ടെന്നും സംരക്ഷണം തന്‍റെ ചുമതലയാണെന്നുമാണ് ഒന്നാംപ്രതി അനൂപ് അറിയിച്ചത്. പ്രായമായ അമ്മമാർ മാത്രമാണുള്ളതെന്ന് രണ്ടും മൂന്നും പ്രതികളായ കിർമാണി മനോജും കൊടി സുനിയും പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാണ് നാലാം പ്രതി ടി.കെ. രജീഷ് ചൂണ്ടിക്കാട്ടിയത്. പൊലീസ് മർദനത്തിന്റെ ഫലമായി നട്ടെല്ലിന് ക്ഷതമുണ്ട്. ഇരുചെവിക്കും മർദനമേറ്റതിനെത്തുടർന്ന് തലക്കറക്കവും ബാലൻസ് പ്രശ്നവുമുണ്ട്. രോഗിയായ അമ്മയെ നോക്കാൻ മറ്റാരുമില്ലെന്നും പറഞ്ഞു.

പ്രായമായ മാതാപിതാക്കൾ, ഭാര്യ, രണ്ടുവയസ്സുള്ള കുട്ടി എന്നിവരുണ്ടെന്നും കൈയിലെ രക്തധമനികൾ ബ്ലോക്കാകുന്നതിന് ചികിത്സയിലാണെന്നും അഞ്ചാംപ്രതി മുഹമ്മദ് ഷാഫി ബോധിപ്പിച്ചു. ജയിലിൽവെച്ച് പ്ലസ് ടു പഠിച്ച് പാസായി ഇപ്പോൾ ഡിഗ്രിക്ക് ചേർന്നിരിക്കുകയാണ്. പുറത്തിറങ്ങി ജോലിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

12 വർഷമായി ജയിലിലാണെന്നും ഭാര്യയും ഒന്നരവയസ്സുള്ള പെൺകുട്ടിയുമുണ്ടെന്നും ആറാംപ്രതി അണ്ണൻ സിജിത് പറഞ്ഞു. പക്ഷാഘാതം വന്ന് കിടപ്പിലായ അമ്മയെ നോക്കാൻ മറ്റാരുമില്ലെന്ന് ഏഴാംപ്രതി കെ. ഷിനോജ് പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേസിൽപ്പെടുത്തിയതാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ പറഞ്ഞു. പരോൾ കാലത്ത് തന്റെ നേത‌ൃത്വത്തിൽ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികർക്കായി വീടുനിർമാണവും പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മർദനത്തിൽ നട്ടെല്ലിന് പരിക്കുണ്ട്. ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകനും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പത്താം പ്രതി കെ.കെ കൃഷ്ണൻ പറഞ്ഞു. 78 വയസ്സായ തനിക്ക് പരസഹായം കൂടാതെ ദൈനംദിന കൃത്യങ്ങൾക്ക് പോലും സാധിക്കുന്നില്ല. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ശ്വാസംമുട്ടലും വാതരോഗവുമുണ്ടെന്നും വ്യക്തമാക്കി.

വീട്ടിൽ അമ്മയും ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങളുള്ള തനിക്ക് ജയിലിലായശേഷം ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നതായും 11ാം പ്രതി ട്രൗസർ മനോജൻ പറഞ്ഞു.

വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇടതുകണ്ണിന്റെ കാഴ്ചയും കുറഞ്ഞുവരുകയാണ്. വൃക്കരോഗവും ഹൃദ്രോഗവുമുള്ള തന്‍റെ ഒരു കാലിന് ബലക്ഷയമുള്ളതായും 12ാം പ്രതി ജ്യോതിബാബു പറഞ്ഞു. ഭാര്യക്കും വൃക്കരോഗം തുടങ്ങിയിട്ടുണ്ട്. പേശികൾക്ക് ബലക്ഷയമുള്ള മകൻ ചികിത്സയിലാണ്. 20 വയസ്സുള്ള മകളുമുണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബവും അവർക്കൊപ്പമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ആവശ്യമായ തനിക്ക് നിൽക്കാനോ നടക്കാനോ സാധിക്കില്ല. എങ്കിലും തന്റെ സാന്നിധ്യമുണ്ടായാൽ സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുകാരെ സംരക്ഷിക്കാനാകുമെന്നും വ്യക്തമാക്കി.

ടാക്സി ഡ്രൈവറായിരുന്ന തനിക്ക് കേസുമായി ബന്ധമില്ലെന്ന് 18ാം പ്രതി വാഴപ്പടച്ചി റഫീഖ് പറഞ്ഞു. ഭാര്യയെയും മൂന്ന് മക്കളെയും സംരക്ഷിക്കാൻ മറ്റാരുമില്ല. രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തമാക്കി.

തുടർന്നാണ് ജയിൽ റിപ്പോർട്ട് അടക്കമുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രോസിക്യൂഷനും നല്‍കണമെന്ന നിർദേശത്തോടെ കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയത്.

വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല -കെ.കെ. രമ

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ചൊവ്വാഴ്ച ഹൈകോടതിയിൽനിന്ന് നല്ല വിധി പ്രതീക്ഷിക്കുന്നതായി ടി.പിയുടെ പത്നി കെ.കെ. രമ എം.എൽ.എ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഭാര്യയുണ്ട്, മക്കളുണ്ട്, കുടുംബത്തോടൊപ്പം കഴിയണം, പാലിയേറ്റിവ് പ്രവർത്തനം നടത്തണം എന്നൊക്കെ‍യാണ് പ്രതികൾ കോടതിയിൽ ബോധിപ്പിച്ചത്. അമ്മ ഒറ്റക്കാണെന്ന് പറഞ്ഞയാളുണ്ട്. അവർക്ക് അവരുടേതായ വാദങ്ങൾ ഉന്നയിക്കാം.

എന്നാൽ, ചന്ദ്രശേഖരനും കുടുംബമുണ്ടായിരുന്നുവെന്ന് ഇവരാരും ഓർത്തില്ലെന്നും രമ കോടതിക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, ആ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചത്.

ഏറ്റവും ക്രൂരവും വളരെ അപൂർവവുമായ കൊലപാതകമായിരുന്നു ഇത്. ഇക്കാര്യം കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചുള്ള ശിക്ഷതന്നെ കൊടുക്കുമെന്നാണ് കരുതുന്നതെന്നും രമ കൂട്ടിച്ചേർത്തു.


Tags:    
News Summary - TP Chandrasekharan Murder Case: Kerala High Court To Consider Mitigating Circumstances Of Accused In Plea For Enhancement Of Sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.