ടോം ജോസിനെതിരെ നടപടി: വിജിലന്‍സ് റിപ്പോര്‍ട്ട് വൈകും

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് വൈകും. ടോം ജോസിന്‍െറ ഫ്ളാറ്റുകളില്‍ നിന്ന് ലഭ്യമായ രേഖകളുടെ പരിശോധന തുടരുകയാണ്. ചില ബാങ്ക് രേഖകളും ലഭ്യമാകാനുണ്ട്. ഇതിനായി വിജിലന്‍സ്സംഘം ബാങ്ക് അധികൃതരെ സമീപിച്ചു. ഇവ ലഭ്യമായാലേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാനാകൂവെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് പറഞ്ഞു.

കെ.ടി.ഡി.എഫ്.സി എം.ഡി യായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യകോളജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി വ്യാഴാഴ്ചയാണ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം തയാറാക്കാനുണ്ടെന്നും ഇത് പൂര്‍ത്തിയാകുന്നമുറക്കേ മറ്റുജോലികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നത്.

എന്നാല്‍, മഹാരാഷ്ട്രയിലെ ഭൂമിഇടപാട് സംബന്ധിച്ചവിവരങ്ങള്‍ വിജിലന്‍സ് പ്രത്യേകസംഘമാകും പരിശോധിക്കുക. ഭൂമി വിറ്റയാളിന്‍െറ മൊഴിയെടുക്കാനും രേഖകള്‍ പരിശോധിക്കാനും പ്രത്യേകസംഘം ഉടന്‍ മഹാരാഷ്ട്രയിലേക്ക് തിരിക്കും. ടോം ജോസിന്‍െറ ആദായനികുതി സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പിന് കത്തയക്കാനും എറണാകുളം സ്പെഷല്‍ സെല്ലിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ വസതിയില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചവരുത്തിയ എസ്.പി രാജേന്ദ്രനെതിരായ നടപടിയുടെ കാര്യത്തിലും തീരുമാനം വൈകുമെന്നാണ് സൂചന. രാജേന്ദ്രന്‍െറ ഭാഗത്തുനിന്നുള്ള വീഴ്ച സംശയാസ്പദമാണെന്ന വിജിലന്‍സ് ഇന്‍റലിജന്‍സ് കണ്ടത്തെല്‍കൂടി പരിഗണിച്ചാകും അദ്ദേഹത്തിനെതിരെ നടപടി കൈക്കൊള്ളുക.

Tags:    
News Summary - tom jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.