കൊച്ചി: കേരള രാഷ്്ട്രീയ ചരിത്രത്തിൽ ഏവരും സ്മരിക്കുന്ന എ.എൽ. ജേക്കബ് ഒാർമയായിട്ട് 25 വർഷം. കൊച്ചിയുടെ സ്വന്തം 'ജേക്കബേട്ടൻ' വിട്ടുപിരിഞ്ഞ് കാൽനൂറ്റാണ്ട് പിന്നിടുേമ്പാഴും നിറഞ്ഞ ഹൃദയവായ്പോടെയാണ് എല്ലാവരും അദ്ദേഹത്തെ സ്മരിക്കുന്നത്. ഒമ്പതുതവണ അദ്ദേഹം നിയമസഭാംഗമായി. കെ.പി.സി.സി പ്രസിഡൻറായും രണ്ടുതവണ മന്ത്രിയായും സേവനമനുഷ്ഠിച്ചു. കൂടാതെ സ്പോർട്സ് കൗൺസിൽ അംഗം, കൊച്ചി-കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കൊച്ചിയിൽ ഇന്നും സജീവമാണ് അദ്ദേഹത്തിെൻറ ഒാർമകൾ.
വൈപ്പിൻ ദ്വീപിലെ നായരമ്പലത്തെ അറക്കൽ തറവാട്ടിൽ 1911 ഏപ്രിൽ 19നാണ് ജനനം. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിക്ക് കൊൽക്കത്തയിലെത്തിയതാണ് അദ്ദേഹത്തിെൻറ ജീവിതം മാറ്റിമറിച്ചത്. കൊൽക്കത്തയിലെ ചൗരംഗി മൈതാനിയിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിെൻറ രക്തംതിളക്കുന്ന പ്രഭാഷണങ്ങൾകേട്ട് ആവേശഭരിതനായ അദ്ദേഹം ദേശീയ പ്രക്ഷോഭത്തിെൻറ പടയാളിയായി.
1934ൽ സർ സി.പിയുടെ ഉത്തരവ് പ്രകാരം നെയ്യാറ്റിൻകരയിൽ നടന്ന വെടിവെപ്പിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ മരിെച്ചന്നറിഞ്ഞ ജേക്കബ് തെൻറ 23ാം വയസ്സിൽ അതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ യോഗം വിളിച്ചുകൂട്ടി. ആവേശകരമായ കന്നിപ്രസംഗം അദ്ദേഹത്തെ ദേശീയ സമരത്തിെൻറ മുന്നണിപ്പോരാളിയാക്കി. 1942ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായി. കൊൽക്കത്ത ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ജേക്കബ് പിന്നീട് കൊച്ചി പ്രവിശ്യയുടെ സ്വാതന്ത്ര്യസമര മുേന്നറ്റത്തിെൻറ സാരഥ്യത്തിൽ ഒപ്പംചേർന്നു.
1948ൽ കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രജാമണ്ഡലത്തിെൻറ സ്ഥാനാർഥിയായി. അപ്പോൾ അദ്ദേഹത്തിന് 37 വയസ്സായിരുന്നു. ഭൂരിപക്ഷം വോട്ടുകൾ േനടി കൊച്ചി നിയമസഭയിലെത്തി.
1949, 52 കാലങ്ങളിൽ തിരു-കൊച്ചി നിയമസഭയിലേക്കും പിന്നീട് കേരള നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ അദ്ദേഹം സ്ഥാനാർഥിയായി.
1979ലാണ് പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ അദ്ദേഹം കൃഷിമന്ത്രിയാകുന്നത്. അന്ന് അദ്ദേഹത്തിന് വയസ്സ് 68.
73ാം വയസ്സിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം കൃഷി-മത്സ്യവിഭവ മന്ത്രിയായി. എ.കെ. ആൻറണിയുടെയും കെ. കരുണാകരെൻറയും നേതൃത്വത്തിൽ എ, ഐ ഗ്രൂപ്പുകൾ രൂപംകൊണ്ടപ്പോൾ ആൻറണിക്കും വയലാർ രവിക്കും ഉമ്മൻ ചാണ്ടിക്കുമൊപ്പം നിൽക്കാനാണ് അദ്ദേഹം തയാറായത്.
1979ൽ ആൻറണി പക്ഷക്കാർ മാർക്സിസ്റ്റ് ചേരിയോട് സഹകരിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം അതിനെ എതിർത്തു. പിന്നീട് കരുണാകരപക്ഷത്തോടൊപ്പം ചേരുകയും 1982ൽ കെ.പി.സി.സി പ്രസിഡൻറാവുകയും ചെയ്തു.
1995 സെപ്റ്റംബർ 20നായിരുന്നു മരണം. യാത്രക്കിടയിൽ വഴിയോരത്തുള്ള പ്രവർത്തകരോടും തൊഴിലാളികളോടും പ്രശ്നങ്ങൾ ആരാഞ്ഞ് പെരുമാറുന്ന ഒരു എം.എൽ.എയെ, മന്ത്രിയെ ഇന്ന് സങ്കൽപിക്കാൻ പോലുമാകില്ലെന്ന് കൊച്ചിക്കാർ പറയുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.