ലക്ഷദ്വീപിലെ സംഘപരിവാർ ഇടപെടലുകൾ ആശങ്കപ്പെടുത്തുന്നത്​; കേന്ദ്രസർക്കാറിനെതിരെ വി.ടി ബൽറാമും ടി.എൻ പ്രതാപനും

പാലക്കാട്​: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ​ക്കെതിരെ കോൺഗ്രസ്​ നേതാവ്​ വി.ടി ബൽറാമും ടി.എൻ ​പ്രതാപൻ എം.പിയും രംഗത്ത്​. ലക്ഷദ്വീപിനെ മറ്റൊരു കശ്​മീരാക്കാനാണ്​ സംഘ്​പരിവാർ ശ്രമമെന്ന്​ സംശയിക്കേണ്ടതുണ്ടെന്നും ജനാധിപത്യ അവകാശങ്ങളേയും സാധാരണ ജീവിതത്തെയും അട്ടിമറിച്ച്​ തന്നിഷ്​ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ്​ കാണാൻ കഴിയു​ന്നതെന്നും വി.ടി ബൽറാം പറഞ്ഞു. ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്​ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണെന്നും ബൽറാം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിചയമില്ലാത്ത പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണെന്ന്​ ടി.എൻ ​പ്രതാപൻ പ്രതികരിച്ചു. 

നേരത്തേ ലക്ഷദ്വീപിലെ കേ​ന്ദ്ര സർക്കാർ ഇടപെടലുകൾക്കെതിരെ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി രംഗത്തെത്തിയിരുന്നു. കെ.എസ്​.യു, എസ്​.എഫ്​​.ഐ, എം.എസ്​.എഫ്​ വിദ്യാർഥി സംഘടനകളും പ്രതിഷേധം ഉയർത്തിയിരുന്നു.

വി.ടി ബൽറാം പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

കേരളത്തിൻ്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്ക്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

▪️ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി.

▪️സർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.

▪️എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികൾ. തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.

▪️ഈയടുത്ത കാലം വരെ ഒരാൾക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കോവിഡ്‌ പ്രോട്ടോക്കോളുകൾ തോന്നിയപോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60% ത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

▪️ മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക്ക് അനുമതികൊടുത്തു. തദ്ദേശവാസികളുടെ സാംസ്ക്കാരിക സെൻസിറ്റിവിറ്റികളോട് പൂർണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.

▪️ ബീഫ് നിരോധനം നടത്തി തീൻമേശയിലും കൈകടത്തി.

▪️സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗൻവാടികൾ അടച്ചുപൂട്ടി.

▪️CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി.

▪️ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.

▪️ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.

▪️ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി.

▪️ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ്‌ നിവാസികളെ തുടച്ചുനീക്കി!

പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപിൽ അടിച്ചേൽപ്പിച്ച നടപടികളിൽ ചിലത് മാത്രമാണിത്. ദീർഘമായ ആസൂത്രണത്തോടെ, വംശീയ അപരവൽക്കരണത്തിനായുള്ള ഒരു സംഘപരിവാർ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരിലും അങ്ങനെയൊരു ലക്ഷ്യം ഭരണ വർഗ്ഗത്തിനുണ്ടായിരുന്നുവല്ലോ.

കേന്ദ്രഭരണ പ്രദേശം എന്ന നിലയിൽ പുറത്തു നിന്നെത്തുന്ന ഉദ്യോഗസ്ഥ/രാഷ്ട്രീയ പ്രമാണികൾക്ക് ലക്ഷദ്വീപ് ഭരണകൂടത്തിൽ വലിയ സ്വാധീനം എന്നുമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ അതിശയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഔന്നത്യമുള്ള പി എം സയീദിനെപ്പോലുള്ള ഒരു ജന പ്രതിനിധിയുടെ സാന്നിധ്യം അക്കാലത്ത് ദ്വീപുകാർക്ക് പകർന്നു നൽകിയ ആത്മവിശ്വാസവും സംരക്ഷിത ബോധവും ചെറുതല്ല. അദ്ദേഹത്തിൻ്റെ അഭാവം ഇന്ന് ദ്വീപുകാർ കൂടുതൽക്കൂടുതലായി തിരിച്ചറിയുന്നുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും ഇക്കാര്യത്തിൽ സജീവവും ആത്മാർത്ഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ടി.എൻ ​പ്രതാപൻ എം.പി പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

ലക്ഷദ്വീപിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സിവിൽ സർവീസ് പരിചയമില്ലാത്ത പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണ്. ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദ്വീപ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.

ദ്വീപിൽ നിലനിന്നിരുന്ന കൃത്യതയുള്ള കോവിഡ് മാനേജ്‌മെന്റിനെ അട്ടിമറിച്ചതിലൂടെ ഗുരുതരമായ സാമൂഹിക സാഹചര്യത്തിലേക്ക് ദ്വീപിലെ ജനങ്ങൾ എത്തിയിരിക്കുന്നു. ദിനേന വളരെയധികം കേസുകളും മരണങ്ങളും സംഭവിക്കുന്നതായി വാർത്തകൾ വരുന്നു.

ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. അവരുടെ ഭക്ഷണം, സംസ്കാരം മറ്റു ആചാര അനുഷ്ടാനങ്ങൾ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതിൽ സംശയമില്ല. പല അർത്ഥത്തിലും ദ്വീപ് ജനത ഗോത്ര സമൂഹം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗോത്ര സമൂഹങ്ങളുടെ തനത് ജീവിത ശൈലിക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ ക്ഷേമ സങ്കൽപ്പങ്ങൾക്ക് ഭൂഷണമല്ല.

ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങളിൽ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ട് എന്ന ആരോപണങ്ങൾ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുത്തുതോൽപ്പിക്കണം.

Tags:    
News Summary - tn prathapan mp and vt balram about Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.