'വ്യാജ കള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി'; പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണവുമായി ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറായിരുന്ന ടിക്കാറാം മീണ. വ്യാജ കള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്ന് മീണ ആരോപിച്ചു. തൃശൂർ കലക്ടറായിരിക്കെയാണ് നടപടി നേരിട്ടത്. ഇതിന് പിന്നിൽ പി. ശശിയാണെന്നും അദ്ദേഹം ആരോപിച്ചു.

'തോൽക്കില്ല ഞാൻ' എന്ന ആത്മകഥയിലാണ് മീണയുടെ പരാമർശം. വയനാട്ടിൽ ചുമതലയേറ്റപ്പോഴും പ്രതികാരം തുടർന്നെന്നും മീണ പറയുന്നു. അന്ന് ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി. വ്യാജ കള്ള് നിർമിച്ചവരെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് അറിയിച്ചു. സത്യസന്ധമായി ജോലി ചെയ്യാൻ അനുവദിക്കാതിരുന്ന നേതൃത്വമായിരുന്നു ശശിക്കു പിന്നിലെന്നും ആത്മകഥയിൽ പറയുന്നു.

രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാറിന്റെ കാലത്തെ ദുരനുഭവവും മീണ തുറന്ന് പറയുന്നുണ്ട്. ഗോതമ്പ് തിരിമറി പുറത്ത് കൊണ്ട് വന്നതിന് ടി.എച്ച്. മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവിസിൽ മോശം പരാമർശം എഴുതി. അത് തിരുത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ആത്മകഥയില്‍ പറയുന്നു. മേയ് രണ്ടിനാണ് പുസ്തക പ്രകാശനം.

Tags:    
News Summary - Tikaram Meena with allegations against P. Sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.