കാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കൊന്ന കടുവക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. തിങ്കളാഴ്ചയും ദൗത്യം വിജയം കണ്ടില്ല. കനത്ത മഴക്കിടയിലും കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വനമേഖലയിൽ ദ്രുതകർമസേന സംഘം വ്യാപക തിരച്ചിലിലാണ്.
അതിനിടെ മഞ്ഞൾപാറ ഭാഗത്ത് കടുവയുടെ വ്യക്തമായ കാൽപ്പാടുകൾ കണ്ടത് പ്രതീക്ഷയേകുന്നു. കടുവ വനമേഖലയിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന.
മുമ്പ് മഞ്ഞൾപ്പാറക്കടുത്ത് കേരള എസ്റ്റേറ്റ് കനിയൻമേട് ഭാഗത്ത് വനം ജീവനക്കാരും നാട്ടുകാരും കടുവയെ കണ്ടിരുന്നു. ഈ ഭാഗത്തോ റാവുത്തൻകാട് എസ്റ്റേറ്റിലോ തങ്ങുന്നുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ദ്രുതകർമ സേന. ഒന്നിലധികം കടുവകളുണ്ടാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളുന്നില്ല.
മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെ മഴ ശക്തമായിരുന്നു. ഇതിനിടയിലും റാവുത്തൻകാട് ഭാഗത്ത് ബാച്ചുകളായി തിരച്ചിൽ നടത്തുന്നുണ്ട്. മലയുടെ പല ഭാഗങ്ങളിലായി ലൈവ് സ്ട്രീം കാമറകൾ ഉൾപ്പെടെ 50 കാമറകളിലാണ് നിരീക്ഷണം തുടരുന്നത്. ആടുകളെ വെച്ച് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.
കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ മലയുടെ താഴെ കാട് കയറാൻ കാത്തിരിക്കുകയാണ്. പാലക്കാട് വൈൽഡ് ലൈഫ് വാർഡൻ ഉമാ കമൽഹാറിന്റെ നേതൃത്വത്തിൽ മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സകറിയയുടെ കീഴിലാണ് സായുധരായ സംഘം റാവുത്തൻകാട്ടിലെ റബർ തോട്ടത്തിലും പരിസരങ്ങളിലും സജീവമായുള്ളത്. കടുവയെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.