കോന്നി: ശബരിമല വനത്തിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിയാർ ടൈഗർ റിസർവിലെ താൽക്കാലിക വാച്ചർ ഗവി സ്വദേശി അനില്‍കുമാറാണ് (32) മരിച്ചത്. മാംസം മുഴുവൻ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
പൊന്നമ്പലമേട് പാതയില്‍ ചെന്താമര എ പോയന്റ് ഭാഗത്ത് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ശനിയാഴ്ച വൈകീട്ട് 5.30ഓടെ ഗവിയിലെത്തിയ അനിൽകുമാർ മലഞ്ചരക്ക് സാധനങ്ങൾ വാങ്ങാൻ കൊച്ചുപമ്പ വഴി പമ്പക്ക് പോകുകയായിരുന്നു. ഇതിനിടെ, കടുവയുടെ ആക്രമണം ഉണ്ടായതായാണ് സംശയിക്കുന്നത്.
മൂന്നുദിവസമായിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധനക്കിടെ ഇദ്ദേഹത്തിന്റെ കീറിയ വസ്ത്രങ്ങൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.