രാമച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രം

സി.സി.ടി.വി കാമറയിൽ കുടുങ്ങി; രാമച്ചിയിൽ ഭീതി വിതച്ച്​ കടുവ

കേളകം(കണ്ണൂർ): അടക്കാത്തോടിന് സമീപം രാമച്ചിയിൽ വനംവകുപ്പ് സ്ഥാപിച്ച സി.സി.ടിവി കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. ഒരാഴ്ച മുമ്പ് രാമച്ചിയിലെ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെ കടുവ പിടികൂടിയിരുന്നു. പോത്തിനെ പിടികൂടിയത് കടുവയാണെന്ന് പ്രദേശവാസികൾ പറഞ്ഞെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. സംശയം ദൂരീകരിക്കാനാണ് വനംവകുപ്പ് വിവിധ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചത്.

കടുവ പിടികൂടിയ പോത്തിന്‍റെ ജഡം മറവ് ചെയ്തിരുന്നില്ല. ഈ ജഡത്തിന് സമീപമാണ് ക്യാമറകൾ സ്ഥാപിച്ചത്. കാമറ വിധയിടങ്ങളിൽ മാറ്റി സ്ഥാപിച്ചതോടെയാണ് കടുവയുടെ ദൃശ്യം കാമറയിൽ പതിഞ്ഞത്. ചത്തപോത്തിനെ ഭക്ഷിക്കാൻ എത്തിയ കടുവയുടെ ചിത്രമാണ് സി.സി.ടിവി കാമറയിൽ കുടുങ്ങിയത്. ഇതോടെ പ്രദേശം കടുവയുടെ വിഹാരകേന്ദ്രമാണെന്ന ജനങ്ങളുടെ പരാതിക്ക് സ്ഥിരീകരണമായി.


എത്രയും വേഗം കടുവയെ പിടികൂടുന്നതിന് നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആറളം വന്യജീവി സങ്കേതം അതിർത്തി പങ്കിടുന്ന ചീങ്കണ്ണി പുഴയോട് ചേർന്നാണ് കടുവയുടെ വിഹാരകേന്ദ്രം. കഴിഞ്ഞ ഏതാനും വർഷത്തിനിടെ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവയും പുലികളും പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .

സമീപപ്രദേശമായ ശാന്തിഗിരിയിലും കഴിഞ്ഞവർഷം പശുവിനെയും മറ്റ്വളർത്തുമൃഗങ്ങളെയും കടുവ പിടികൂടിയിരുന്നു. ഇവിടെയും വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. രാമച്ചിയിലെ കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികളുടെയും നെഞ്ചിടിപ്പേറി.

Tags:    
News Summary - tiger in ramachi; caught in cctv camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.