മലപ്പുറം: മലപ്പുറം: ജനുവരിയിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിലുണ്ടായതിന് സമാനമാണ് കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണം. റാവുത്തൻകാട് എസ്റ്റേറ്റിൽ ടാപ്പിങ്ങിനിടെ യുവാവിന്‍റെ കഴുത്തിന് കടിച്ച കടുവ കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. 500 മീറ്ററോളം അകലെയാണ് മൃതദേഹം കിടന്നിരുന്നത്. ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപത്ത് രാധ എന്ന തോട്ടം തൊഴിലാളിയെയും കടുവ ആക്രമിച്ചത് സമാനരീതിയിലായിരുന്നു. തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കഴുത്തിൽ കടിച്ച കടുവ 100 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. ജനരോഷത്തെതുടർന്ന് കടുവയെ കൊല്ലാൻ അന്ന് വയനാട് ജില്ല ഭരണകൂടം ഉത്തരവിറക്കി.
കടുവയുടെ ആക്രമണത്തിൽ സമീപകാലത്ത് ഏറ്റവുമധികം ജീവഹാനിയുണ്ടായത് വയനാട് ജില്ലയിലാണ്. 2015ൽ മാത്രം വയനാട്ടിൽ മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തിന് ഇരകളായത്. ഫെബ്രുവരിയിൽ നൂൽപ്പുഴ സ്വദേശിയാണ് ആദ്യം കൊല്ലപ്പെട്ടത്. ജൂലൈയിൽ കുറിച്യാട് സ്വദേശിയും നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ ഫോറസ്റ്റ് വാച്ചറും മരിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം 2016നും 2025നുമിടയിൽ സംസ്ഥാനത്തുണ്ടായ ആറ് മരണങ്ങളിൽ അഞ്ചും വയനാട്ടിലാണ്. 2023ൽ മാത്രം രണ്ട് പേർക്കാണ് വയനാട്ടിൽ കടുവ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചത്. പത്ത് വർഷത്തിനിടെ, സംസ്ഥാനത്ത് പത്ത് പേർക്ക് കടുവ ആക്രമണത്തിൽ പരിക്കേറ്റു. നിലമ്പൂർ വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നത് ഇതാദ്യമാണ്. വയനാട്ടിലെ രാധയുടെ മരണശേഷം സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ കടുവ ആക്രമണമാണ് അടക്കാകുണ്ടിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.