പ​രി​ക്കേ​റ്റ കീ​ർ​ത്ത​ന

ട്രെയിനിനു കല്ലേറ്: ഞെട്ടൽ മാറാതെ കീർത്തന

കോട്ടയം: 'ട്രെയിനിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു എല്ലാവരും. നേരെ എതിർവശത്തെ സീറ്റിൽ ജനലരികിൽ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു മകൾ. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. എന്താണെന്ന് മനസ്സിലാകുംമുമ്പേ മകളുടെ നിലവിളി ഉയർന്നിരുന്നു. നോക്കിയപ്പോൾ തലയിൽനിന്നു ചോരയൊലിപ്പിച്ചിരിക്കുന്ന മകളെയാണ് കണ്ടത്. ഏറ് കണ്ണിൽ കൊള്ളാതിരുന്നത് ഭാഗ്യം'.

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നിച്ച് സന്തോഷത്തോടെ തുടങ്ങിയ മൂകാംബിക യാത്രയുടെ അവസാനം മകൾക്ക് സംഭവിച്ച അപകടത്തിന്‍റെ ഞെട്ടൽ രഞ്ജിനിയെ വിട്ടുമാറുന്നില്ല. ട്രെയിൻ യാത്രക്കിടെയുണ്ടായ കല്ലേറിൽ ഏഴാം ക്ലാസുകാരിയായ കീർത്തനയുടെ തലയുടെ ഇടതുഭാഗത്ത് നെറ്റിയുടെ മുകളിലായാണു പരിക്കേറ്റത്. പുറത്തുനോക്കിയിരിക്കുന്നതിനിടെ പെട്ടെന്ന് തലതിരിച്ചപ്പോഴാണ് കല്ലുകൊണ്ടത്. അല്ലെങ്കിൽ കല്ലു കൃത്യമായി കണ്ണിൽകൊണ്ടേനെ. ഞായറാഴ്ച വൈകീട്ട് 5.15ഓടെ കണ്ണൂർ സൗത്തിനും എടക്കാടിനുമിടയിലാണ് കല്ലേറുണ്ടായത്.

കീർത്തന, ചേച്ചി തീർഥ, മാതാപിതാക്കളായ രാജേഷ്, രഞ്ജിനി, അച്ഛമ്മ വിജയകുമാരി, രഞ്ജിനിയുടെ ചേച്ചി, സുഹൃത്തും അവരുടെ അമ്മ എന്നിവരടങ്ങുന്ന സംഘം തിരുവോണത്തിന്‍റെ പിറ്റേദിവസമാണ് മീനടത്തെ വീട്ടിൽനിന്ന് മൂകാംബികക്ക് പുറപ്പെട്ടത്.മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കോട്ടയത്തേക്കുള്ള മടക്കയാത്ര. എസ് വൺ കോച്ചിലായിരുന്നു രാജേഷിനും തീർഥക്കും കീർത്തനക്കും സീറ്റ്. മറ്റുള്ളവർ എസ് 10ലും. അമ്മക്കൊപ്പം ഇരിക്കണമെന്നുപറഞ്ഞ് കീർത്തന എസ് 10 കോച്ചിലാണ് കയറിയത്.

തുടർന്ന് അച്ഛമ്മയുടെ അരികിൽ ഇരുന്നു. രഞ്ജിനി നേരെ എതിർവശത്തെ സീറ്റിലും. കീർത്തനയുടെ കരച്ചിൽകേട്ട് സഹയാത്രികരെല്ലാം ഓടിയെത്തിയിരുന്നു. വേദനയും പരിഭ്രമവും പേടിയും മൂലം തളർന്ന അവസ്ഥയിലായിരുന്നു കുട്ടി. കൂടെയുണ്ടായിരുന്ന എം.ബി.ബി.എസ് വിദ്യാർഥിനി കുട്ടിയെ ആശ്വസിപ്പിച്ചു. മുറിവ് ബാൻഡേജ് വെച്ചുകെട്ടി. അപ്പോഴേക്കും ആരോ ട്രെയിൻ ചങ്ങലവലിച്ച് നിർത്തിയിരുന്നു. ആർ.പി.എഫും റെയിൽവേ അധികൃതരും സ്ഥലത്തെത്തി.

ഉടൻ തന്നെ ആംബുലൻസിൽ കയറ്റി മാതാപിതാക്കൾക്കൊപ്പം മിഷൻ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. ബാക്കിയുള്ളവർ അതേ ട്രെയിനിൽ മടങ്ങി. തലയിലെ മുറിവ് ഗുരുതരമല്ല. രണ്ടു ക്ലിപ്പിട്ടിട്ടുണ്ട്. ഏഴുദിവസം കഴിഞ്ഞാൽ ഇതു മാറ്റാം. അടുത്ത ദിവസം ആശുപത്രിയിൽ പോയി മുറിവ് വൃത്തിയാക്കണം.

ചികിത്സനൽകിയ ശേഷം രാത്രി 9.15ന് മലബാർ എക്സ്പ്രസിൽ ഇവരെ കയറ്റിവിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച അഞ്ചരക്കാണ് പാമ്പാടി മീനടത്തെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് നിരവധിപേർ കീർത്തനയെ കാണാനും ആശ്വസിപ്പിക്കാനും വീട്ടിലെത്തി.സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു. പാമ്പാടി ബി.എം.എം സ്കൂൾ വിദ്യാർഥിനിയാണ് കീർത്തന. മാതാവ് രഞ്ജിനി മീനടം അഗ്രികൾച്ചറൽ സൊസൈറ്റിയിൽ ക്ലർക്കായും പിതാവ് മണിമല മിഡാസിലും ജോലിചെയ്യുന്നു.

Tags:    
News Summary - Throwing stones at the train: Keertana with shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.