‘ശ്രീലേഖ രാജിവെച്ചെന്ന വാർത്ത ശരിയല്ല, തിരുവനന്തപുരം ബിജെപി തന്നെ ഭരിക്കും’; ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ച് എസ് സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് ബി.ജെ.പി. ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അവർ ആശുപത്രിയിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആശുപത്രിയിൽ ശ്രീലേഖയെ സന്ദർശിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കോർപറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങിയവർ ആ വെള്ളം വാങ്ങിവച്ചോളൂ, അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി.ജെ.പി തന്നെ ഭരിക്കും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ട്. അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്രമേയുള്ളൂവെന്നും സുരേഷ് അറിയിച്ചു.
ശ്രീലേഖ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ചർച്ചകൾക്കൊടുവിലാണ് പുതിയ വഴിതിരിവ്. ഇതുവരെ രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. മേയർ വി.വി. രാജേഷിനോട് ചില വിയോജിപ്പുകളും അസംതൃപ്തികളും പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സെപ്റ്റംബർ 30ന് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ടതിനാൽ, വിജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണയോടെ 51 ഉറപ്പാക്കിയാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. നിലവിൽ എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണ് കൗൺസിലിലുള്ളത്.
സുരേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. R.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.
അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല. ചിലർ BJP യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം BJP തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത IPS കാരിയും DGP യും എന്ന നിലക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് BJPയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല R ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്...
അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും...
എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..
എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡൻ്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.