പരാതിക്ക് പിന്നാലെയെന്ന വാർത്ത തെറ്റ്, ഇ എൻ സുരേഷ് ബാബു മാറിയത് വ്യക്തിപരമായ കാരണത്താലെന്ന് സി പി എം

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബു മാറിയത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനാണ് ഇക്കാര്യം അറിയിച്ചത്. മുൻ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. നൗഷാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നേതൃമാറ്റമുണ്ടായതെന്ന റിപ്പോർട്ടുകൾ തള്ളിയ നേതാക്കൾ, സുരേഷ് ബാബുവിനെതിരെ പരാതികളൊന്നുമില്ലായിരുന്നുവെന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റാൻ തീരുമാനിച്ചത്. അതേസമയം, ജില്ലാ സെക്രട്ടറിയറ്റിലും സംസ്ഥാന സമിതിയിലും അദ്ദേഹം തുടരും.

അഞ്ചുവർഷത്തിന് ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നതെന്നും ഒരു ടേം കൂടെ കഴിഞ്ഞാൽ എന്തായാലും മാറാനുള്ളതാണല്ലോ എന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ടേം എന്ന വ്യവസ്ഥയുണ്ടെങ്കിലും അതിനിടയിൽ മാറ്റാനോ പുതിയ ആളുകളെ കൊണ്ടുവരാനോ പാർട്ടിക്ക് സാധിക്കും. ഇത് തന്റെകൂടി ആവശ്യപ്രകാരമാണ്. പുതിയ സെക്രട്ടറിയായി ചെന്താമരാക്ഷന്റെ പേര് നിർദേശിച്ചത് താനാണ്. ആരോഗ്യപ്രശ്‌നം കാരണമാണോ മാറ്റം എന്ന ചോദ്യത്തിന്, ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ മാത്രമേ മാറാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. വനിതാ അഭിഭാഷകയുടെ പരാതിയെ തുടർന്നാണ് സ്ഥാനമാറ്റം എന്ന ആരോപണം ഉന്നയിച്ചവരോടുതന്നെ അതിനേക്കുറിച്ച് ചോദിക്കണം. "പറയാൻ പറ്റാത്ത കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയത്" എന്ന മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണത്തെക്കുറിച്ച്, "ഇവനൊക്കെ ചോദ്യം ചോദിക്കാൻ ആളാണോ, അയാൾക്കൊക്കെ എന്ത് വിലയാണ് നമ്മൾ കൊടുക്കേണ്ടത്, രാഹുൽ മാങ്കൂട്ടത്തിലിന് മറുപടി നൽകുന്നതുതന്നെ വിവരക്കേടാണ്" എന്നും അദ്ദേഹം തുറന്നടിച്ചു.

44 അംഗ ജില്ലാ കമ്മിറ്റിയിലേക്ക് എട്ടുപേരെ കൂടി സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തൃത്താല, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, കൊല്ലങ്കോട്, വടക്കഞ്ചേരി ഏരിയാ സെക്രട്ടറിമാരെയാണ് ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളാക്കിയത്. കൂടാതെ യുവപ്രാതിനിധ്യത്തിനായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ, ജില്ലാ എക്‌സിക്ൂട്ടീവ് അംഗം എ.എൻ. നീരജ് എന്നിവരേയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചെന്താമരാക്ഷൻ അറിയിച്ചു. ജില്ലയിൽ കടുത്ത വിഭാഗീയത ഉണ്ടെന്നും പെരുമാറ്റദൂഷ്യം ഉൾപ്പെടെയുള്ള പരാതികൾ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണ ഫണ്ട് ശേഖരണത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതിനെത്തുടർന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ അഴിച്ചുപണി.

ആലത്തൂർ കാവശേരി ആനമാറിയിൽ പരേതരായ എ.വി. വെള്ളാണ്ടി ജാനകി ദമ്പതിമാരുടെ മകനായി 1960-ൽ ജനിച്ച വി. ചെന്താമരാക്ഷൻ, ചിറ്റൂർ കോളേജിലെ ബിരുദപഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപേരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം ഇന്ത്യയിൽനിന്നും ക്യൂബ സന്ദർശിച്ച യുവജന സംഘത്തിൽ അംഗമായിരുന്നു. സിപിഎം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2001 മുതൽ 2016 വരെ ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽനിന്ന് വിജയിച്ച അദ്ദേഹം ജനകീയനായ എംഎൽഎ ആയിരുന്നു. 2016-ൽ എം.വി. രാഘവനെയാണ് പരാജയപ്പെടുത്തിയത്. നിയമസഭാംഗമെന്ന നിലയിൽ വിവിധ കമ്മിറ്റികളിൽ അംഗമായ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരി ഗീതയാണ് ഭാര്യ.

Tags:    
News Summary - EN Suresh Babu Relieved Due to Personal Reasons, Says CPM; V Chenthamarakshan is New Palakkad District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.