തൃശ്ശൂർ പൂരം
തൃശ്ശൂർ: ആചാരവും വിശ്വാസവും സമന്വയിക്കപ്പെട്ട ശക്തന്‍റെ മണ്ണിൽ ഇന്ന് തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ സാധാരണ നിലയിലെ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല. ഒരു മണിക്കൂർ നീണ്ട കുടമാറ്റം 15 മിനുറ്റിലേക്ക് ചുരുക്കും. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി കുറച്ചത്. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.
മഞ്ഞും വെയിലുമേൽക്കാതെ പുലർച്ചെ 4.45ന് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടതോടെ ഘടക പൂരത്തിന് തുടക്കമായി. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തുന്നു. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. ശേഷം രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടക്കുക. 250 കലാകാരൻമാർ അണിനിരക്കും.
ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത് കാണാൻ വൻ ജനത്തിരക്കാണ് പൂര നഗരിയിലുള്ളത്. കടുത്ത ഉഷ്ണത്തിലും ചൂടും വെയിലും വകവെക്കാതെയാണ് ജനലക്ഷങ്ങൾ ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.
11 മണിയോടെ മഠത്തിൽവരവ് തുടങ്ങും. പഞ്ചവാദ്യങ്ങളിൽ ആരാധകർ കൂടുതൽ മഠത്തിൽവരവ് പഞ്ചവാദ്യത്തിനാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോൾ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്. വൈകിട്ട് 5.30ന് തെക്കേനടയിലാണ് കുടമാറ്റം. രാത്രി ഭഗവതി -ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകൾ ആവർത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തിൽ ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.