തൃശൂര്‍ പൂരം: ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിഗ് കാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

തൃശൂര്‍: പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്‍റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്‍.കെ. കൃപയാണ് ക്രിമിനല്‍ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട സുപ്രീം കോടതി, ഹൈകോടതി, സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണം.

നീരുള്ളവയോ, മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴും മറ്റും വിരണ്ടോടുന്നവയോ, സ്വതവെ വികൃതികളോ ആയ ആനകളെ ഏപ്രില്‍ 21, 22, 23,24 തീയതികളില്‍ തൃശൂര്‍ പട്ടണ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഇവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യരുത്.

ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട അസിസ്റ്റന്‍റ്​ കമ്മീഷണര്‍ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുമ്പാകെയും, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥര്‍ മുമ്പാകെയും ഹാജരാക്കണം. മുന്‍കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല. പാപ്പാന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തണം. പൂരം സംഘാടകരും, പൂരത്തില്‍ പങ്കെടുക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും ആണ്. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് അതത് സമയങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം.

Tags:    
News Summary - Thrissur Pooram: Helicom airdrone gimmick camera and laser gun banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.