വനംവകുപ്പ് ഓഫിസ് ആക്രമണക്കേസ്; മൂന്ന് ഉദ്യോഗസ്ഥരെക്കൂടി വിസ്തരിക്കും

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോർട്ടിനെതിരായ ഹര്‍ത്താലിനിടെ താമരശ്ശേരി വനംവകുപ്പ് ഓഫിസ് ജനക്കൂട്ടം ആക്രമിച്ച കേസിൽ ഒഴിവാക്കിയ മൂന്ന് സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. പ്രോസിക്യൂട്ടർ അഡ്വ. കെ. റൈഹാനത്ത് നൽകിയ അപേക്ഷ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ പ്രോസിക്യൂഷന് പല സാക്ഷികളെയും ഒഴിവാക്കേണ്ടിവന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. കേസ് ഡയറിയിൽ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, എട്ടാം സാക്ഷി സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫിസർ സജു വർഗീസ് എന്നിവരെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെ അപേക്ഷ. മൊത്തം 26 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നീക്കം. 2013 നവംബര്‍ 15ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായി നടന്ന ഹര്‍ത്താലിലാണ് താമരശ്ശേരി വനംവകുപ്പ് ഓഫിസ് കത്തിച്ചത്.

വനംവകുപ്പിലെ നിരവധി പ്രധാന രേഖകള്‍ കത്തിനശിച്ചിരുന്നു. ഓഫിസിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമുറിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ.കെ. രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവർ നേരത്തേ രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി കോടതിയിൽ പറഞ്ഞതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും കൂറുമാറി. വനംമന്ത്രി റിപ്പോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തിൽ ഡി.എഫ്.ഒ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട ആക്രമണത്തില്‍ 35 പേരെയാണ് പ്രതിചേര്‍ത്തത്. കേസ് വിസ്താരസമയത്ത് കേസ് ഡയറി കാണാതായതും വിവാദമായിരുന്നു.

Tags:    
News Summary - Three more officials will be interrogated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.