അപകടത്തിൽ മരിച്ച ജി​േൻറാ ജോസ്, വര്‍ഗീസ് മത്തായി, ജെറി ജോണി

ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വാഴൂര്‍ റോഡില്‍ ചങ്ങനാശ്ശേരി വലിയകുളത്ത് വിദ്യാർഥിയടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മലകുന്നം കുറിഞ്ഞിപ്പറമ്പില്‍ വര്‍ഗീസ് മത്തായി (ജോസ്​) (69), ഇയാളുടെ മകളുടെ ഭര്‍ത്താവ് പറാല്‍ പുതുച്ചിറയില്‍ ജി​േൻറാ ജോസ്(37), ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ ജോണിയുടെ മകന്‍ എറണാകുളം രാജഗിരി കോളജ് ബി.കോം വിദ്യാർഥി ജെറി ജോണി(20) എന്നിവരാണ് മരിച്ചത്.

ജെറിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസ് (19) നെ ഗുരുതര പരിക്കുകളോടെ ചങ്ങാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. വാഴൂര്‍ റോഡിലെ അപകട മേഖലയാണ് വലിയകുളം.

തെങ്ങണ ഭാഗത്തു നിന്ന്​ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ജി​േൻറായും, വര്‍ഗീസ് മത്തായിയും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്ന്​ കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. നാലു പേരും റോഡില്‍ വീണു കിടക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

രാത്രി പന്ത്രണ്ടു മണിയോടെ ജെറിന്‍ ജോണി ആശുപത്രിയില്‍ വച്ചു മരിച്ചു. പുലര്‍ച്ചെ നാലരയോടെ ജി​േൻറാ ജോസും, അഞ്ചരയോടെ വര്‍ഗീസ് മത്തായിയും മരിച്ചു. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.