കോഴിക്കോട്: ഗൾഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച കേരളത്തിലെത്തുക മൂന്ന് വിമാനങ്ങൾ. കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, ഖത്തർ-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക.
ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തർ-കൊച്ചി വിമാനം പുലർച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മുഴുവൻ യാത്രക്കാരെയും മുൻകൂട്ടി നിശ്ചയിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിലേക്ക് മടങ്ങി ക്വാറന്‍റീനിൽ കഴിയാം.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ വന്ദേ ഭാരത് മിഷൻ ആരംഭിച്ച ശേഷം നാല് വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തിയത്. വ്യാഴാഴ്ച അബൂദബി, ദുബൈ എന്നിവിടങ്ങളിൽനിന്നും വെള്ളിയാഴ്ച റിയാദിൽനിന്നും ബഹ്റൈനിൽനിന്നും വിമാനമെത്തിയിരുന്നു. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 329 പേരാണ് ശനിയാഴ്ച നാടണഞ്ഞത്.
ലക്ഷദ്വീപിൽ കുടുങ്ങിക്കിടക്കുന്നവരുമായുള്ള യാത്രാക്കപ്പലും ശനിയാഴ്ച വൈകീട്ട് പുറപ്പെടും. 150ലേറെ യാത്രക്കാരുമായി കപ്പൽ ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക.
മാലദ്വീപിൽ കുടുങ്ങിയവരുമായി നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ ശനിയാഴ്ച പുലർച്ചെ പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാർ, 103 സ്ത്രീകൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ. 19 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 14 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷന്‍ സമുദ്രസേതുവിെൻറ ഭാഗമായ ആദ്യ കപ്പലാണ് മാലദ്വീപില്‍ നിന്ന് പുറപ്പെട്ടത്. ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.