കല്ലടിക്കോട്(പാലക്കാട്): സഹോദരങ്ങൾ ഉൾപ്പെടെ ഒരു വീട്ടിലെ മൂന്ന് കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് മൂന്നേക്കർ തുടിക്കോട് നിവാസികൾ.
കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി-മാധവി ദമ്പതികളുടെ മകൾ രാധിക (ഒമ്പത്), പ്രകാശൻ-അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രജീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
വീടിന് പുറത്ത് കളിക്കാനിറങ്ങിയ കുട്ടികളെ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ കാണാതാവുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ട് അഞ്ചോടെ ഉന്നതിക്കു സമീപം സ്വകാര്യ വ്യക്തി കൃഷി നനക്കാൻ ജലം സംഭരിച്ച് വെക്കുന്ന ചിറയിലെ വെള്ളക്കെട്ടിന് സമീപം കുഞ്ഞു ചെരിപ്പുകൾ കണ്ടെത്തുകയായിരുന്നു.
വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് രണ്ടു ആൺകുട്ടികളുടേയും മൃതദേഹം കണ്ടെത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടേയും മൃതദേഹം കണ്ടെടുത്തു. മൃതദേഹങ്ങൾ ചളിയിൽ പൂണ്ട നിലയിലായിരുന്നു. പ്രകാശന്റെ സഹോദരീഭർത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്.
മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. രാധിക മരുതുംകാട് ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.