കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ വീട്ടിമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ കീഴുദ്യോഗസ്ഥനെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മേപ്പാടി റേഞ്ച് ഓഫിസർ ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. കേസ് ദുർബലപ്പെടുത്താൻ മേലുദ്യോഗസ്ഥരിൽനിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്ന് കേസ് അന്വേഷിച്ച റേഞ്ച് ഓഫിസർ എം.കെ. സമീർ കഴിഞ്ഞദിവസം അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നാലെയാണ് കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി മേലുദ്യോഗസ്ഥനെതിരെ വ്യാജ മൊഴി നൽകിപ്പിക്കാൻ ശ്രമം നടക്കുന്നത്. റേഞ്ച് ഓഫിസിലെ താൽക്കാലിക ജീവനക്കാരനെയാണ് ഗുണ്ട സംഘം ഭീഷണിപ്പെടുത്തിയത്. തെൻറ ഡ്രൈവറായ സി. ശ്രീകാന്തിനെ കഴിഞ്ഞ 15ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി വൈകീട്ട് 6.45ന് വടുവഞ്ചാലിൽ വെച്ച് കാറിലെത്തിയ ഗുണ്ടാസംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി റേഞ്ച് ഓഫിസർ നൽകിയ പരാതിയിൽ പറയുന്നു.
മണിക്കുന്ന് മലയിൽനിന്ന് മരം മുറിച്ച് തൃക്കൈപ്പറ്റയിൽ വെച്ച് ലോറിയിൽ കയറ്റുന്ന സമയത്ത് റേഞ്ച് ഓഫിസർ ഉണ്ടായിരുന്നുവെന്ന് വ്യാജ മൊഴി നൽകണം. അന്വേഷണ ഉദ്യോഗസ്ഥൻ തങ്ങളുടെ ആളാെണന്ന് പറഞ്ഞ് ഡ്രൈവറെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിെൻറ തുടക്കത്തിൽ തന്നെ പ്രതികളുടെ ഭാഗത്തുനിന്ന് അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ സമ്മർദത്തിലാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉന്നത സ്വാധീനമുള്ള, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ട്.
കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സ്വതന്ത്രമായി കൃത്യനിർവഹണം നടത്താൻ സാഹചര്യം ഒരുക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പിലെ ജീവനക്കാർ തന്നെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരുന്നു.
കേസ് അന്വേഷിക്കുന്നതിന് അധിക ചുമതല ലഭിച്ച് ജില്ലയിലെത്തിയ ഈ ഉദ്യോഗസ്ഥൻ പ്രതികൾക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. തുടർന്ന് ഇയാളെ ചൊവ്വാഴ്ച തിരിച്ചുവിളിച്ചു. പകരം അവധിയിൽപോയ വിജിലൻസ് കൺസർവേറ്റർ ജെ. ദേവപ്രസാദ് തിരികെ ജോലിയിൽ പ്രവേശിക്കുകയും അന്വേഷണ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.