സാക്ഷി പറയാത്തവർ സത്യവിശ്വാസികൾ: ജയരാജൻ

കണ്ണൂർ: ഷുക്കൂർ വധത്തിൽ താനും ടി.വി. രാജേഷും തളിപ്പറമ്പ് ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്ന് കള്ളസാക്ഷി പറയാൻ പോകാതിരുന്നവരാണ് യഥാർഥ സത്യവിശ്വാസികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. യഥാർഥ വിശ്വാസിക്ക് കള്ളസാക്ഷി പറയാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. കേസിൽ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകും. കോടതിയിൽ കള്ളമൊഴി നൽകാൻ സാക്ഷികളെ ലീഗ് തയാറാക്കി നിർത്തിയിരുന്നു. അതിലൊരാൾ വിദേശത്തുനിന്ന് കോടതി വളപ്പ് വരെ എത്തിയിട്ടും അദ്ദേഹത്തെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

തെറ്റായ കാര്യങ്ങൾ കോടതിയിൽ പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷൻ പിന്മാറിയതെന്നും ജയരാജൻ പറഞ്ഞു. സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന തന്നെ ‘സ്വയം പ്രഖ്യാപിത നാടുവാഴി’യായി എഴുതിവെച്ച ജഡ്ജിക്ക് മാർക്സിസ്റ്റ്‌ വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണമെന്നും പി. ജയരാജൻ പരിഹസിച്ചു.

വിധിയിൽ തൃപ്തമല്ല, അപ്പീൽ പോകും: ലീഗ്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ഉന്നത നേതാക്കളും അവരുടെ മക്കളും പ്രതികളായ കേസ് ആയതിനാല്‍ സാക്ഷികളെ മനഃപൂര്‍വം ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് രണ്ട് സാക്ഷികള്‍ കോടതിയില്‍ എത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡീൽ ആരോപിക്കുന്നത് അസംബന്ധമാണ്. സാക്ഷികളിൽ ഒരാൾ വിദേശത്തുനിന്ന് കോടതി വളപ്പ് വരെ വന്നുവെന്ന് പി. ജയരാജൻ പറയുമ്പോഴാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഹാജരാകാതിരുന്നവര്‍ക്ക് ലീഗുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷികളെ മുഴുവന്‍ എത്തിക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് പരമാവധി ശ്രമം നടത്തിയതായി അഭിഭാഷകന്‍ പത്മനാഭന്‍ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ ഗൂഢാലോചന നടന്നതായി അഡ്വ. കെ.എ. ലത്തീഫ് ആരോപിച്ചു.

Tags:    
News Summary - Those who do not testify are true believers: Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.