മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂരിലെ വേദിയിലെത്തിയ വീട്ടമ്മയുടെ പരാതി കേൾക്കുന്നു

ചോരക്ക് പകരം ചോദിക്കും, പഴയതുപോലെയല്ല: മുഖ്യമന്ത്രി

കണ്ണൂർ: നിങ്ങളുടെ ചോരക്ക് പകരം ചോദിക്കുമെന്നും പഴയതുപോലെ ഒന്നും മറക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് നയിച്ച ജൻ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും മറക്കാൻ പറ്റില്ല, അതുകൊണ്ടാണ്. അധികാരത്തിൽ വരുമ്പോൾ മറക്കുന്നതാണ് പഴയ രീതി. അത്രയും ചോര കണ്ടതാണ് ഞങ്ങൾ.

യുവാക്കളുടെ ചോര. എത്ര ക്രൂരമായാണ് നമ്മുടെ യുവജന - വിദ്യാർഥി നേതാക്കളെ കഴിഞ്ഞ സർക്കാർ നേരിട്ടത്. അതൊന്നും മറക്കുന്ന സർക്കാർ ആയിരിക്കില്ല ഇത്. ഓരോന്നിനും എണ്ണിയെണ്ണി ചോദിക്കും. ഒരു സംശയവും ഇല്ല. വിട്ടുവീഴ്ചയും ചെയ്യില്ല. അതിന്റെ പേരിലുള്ള ഗ്ലാമർ ഒന്നും വേണ്ട. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നതും എസ്.ഐ.ടികൾ രൂപവത്കരിച്ചതും.

ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തു പോകും. സംശയമില്ല. അതിനായി അവസാനം വരെ പോരാടും. നിങ്ങളുടെ ചോരയിൽനിന്ന് പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല.

നിങ്ങൾ അധ്വാനിച്ചാണ് ഈ സർക്കാറിനെ ഉണ്ടാക്കിയതെങ്കിൽ അഭിമാനപൂർവം തലയുയർത്തി നടക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഥാ ലീഡറും കായിക മന്ത്രിയുമായ ഒ.ജെ. ജനീഷ് അധ്യക്ഷതവഹിച്ചു. മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ ബാനു ചിബ്, എം.എൽ.എമാരായ ടി.ഒ. മോഹനൻ, സജീവ് ജോസഫ്. അബിൻ വർക്കി, ടി.കെ. ഗോവിന്ദൻ, കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹൻ, മഹേഷ് കരിയപ്പ, മേയർ അഡ്വ. പി. ഇന്ദിര, കെ. പ്രമോദ്, പി.ടി. മാത്യു. മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, ശ്രീജ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Chief Minister's Strong Warning: 'Things Have Changed'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.