വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ബു​ക്ക് ചെ​യ്യു​ന്ന പ​ല​രും ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നി​ല്ല; തിരക്ക്​ കുറഞ്ഞതിലെ അസ്വാഭാവികത പരിശോധിക്കുന്നു

തിരുവനന്തപുരം: ശബരിമലയിൽ തിരക്ക് കുറഞ്ഞതിലെ അസ്വാഭാവികത പരിശോധിക്കാൻ സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ് പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനോടും എ.ഡി.ജി.പി പി. വിജയനോടും ആവശ്യപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിൽ അസ്വാഭാവികതയുണ്ടെന്നാണ് സർക്കാറിന്‍റെ സംശയം. അതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം പരിശോധിക്കാൻ ആവശ്യപ്പെട്ടത്.

മുൻവർഷങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശബരിമലയിൽ വൻതിരക്ക് അനുഭവപ്പെടാറുണ്ട്. ഇത്തവണ ഈ ദിവസങ്ങളിൽ സാധാരണയേക്കാൾ വളരെ കുറഞ്ഞ അളവിലാണ് ബുക്കിങ്ങുണ്ടായത്. വൃശ്ചികം ഒന്നായ നവംബർ 17ന് ഏകദേശം 56,000ത്തിലേറെ പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. എന്നാൽ 48,000ത്തോളം പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ബുക്ക് ചെയ്യുന്നവരിൽ 20,000 മുതൽ 30,000 വരെ കുറവുണ്ടാകുന്നു. ഇത്തരത്തിൽ ബുക്ക് ചെയ്തശേഷം ദർശനത്തിന് എത്താത്തവർക്ക് പകരം മറ്റു ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കാത്തതും പ്രശ്‌നമാകുന്നു.

ബുക്ക് ചെയ്യുന്നവർ വരാത്തതിലും ഈ സ്ലോട്ട് മറ്റൊരാൾക്ക് ബുക്ക് ചെയ്യാൻ സാധിക്കാത്തതിലുമാണ് സർക്കാർ അസ്വാഭാവികത സംശയിക്കുന്നത്. ചില ട്രാവൽ ഏജൻസികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന സംശയവുമുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്നാണ് എ.ഡി.ജി.പി പി. വിജയനോടും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനോടും ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടത്. അതിനിടെ, വെര്‍ച്വല്‍ ക്യൂ പരിധി കൂട്ടുന്നതിൽ ഹൈകോടതി അനുമതി തേടാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണവും ഉയര്‍ത്താനുള്ള സാധ്യത തേടും.

പ്രതിദിനം 5000 പേർക്കുകൂടി അവസരം

ശബരിമല: ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്കുകൂടി അനുവദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർധന വരുത്തും. 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.