തൊടുപുഴ: വിശുദ്ധവാരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ വനഭൂമിയിൽ കുരിശു സ്ഥാപിച്ച സംഭവത്തിൽ 18 പേർക്കെതിരെ കേസ്. പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം അടക്കമുള്ളവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച കാളിയാർ റേഞ്ച് ഓഫിസർ ടി.കെ.മനോജിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയ കുരിശ് വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തെളിവ് ശേഖരിക്കുന്നതിനായി കുരിശു നിർമിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കവും വനംവകുപ്പ് നടത്തുന്നുണ്ട്.
അതിനിടെ, കുരിശ് പൊളിച്ചുനീക്കിയ നാരങ്ങാനത്തേക്ക് സെൻറ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് പരിഹാരപ്രദക്ഷിണം നടത്തും. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ പള്ളിയിൽ പീഡാനുഭവ തിരുക്കർമങ്ങൾക്ക് ശേഷമാണ് കുരിശിന്റെ വഴി പ്രാർഥന ചൊല്ലി നാരങ്ങാനത്തേക്ക് പരിഹാരപ്രദക്ഷിണം നടത്തുന്നത്. ഇടവകയിലെ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നുണ്ട്. വനംവകുപ്പ് കുരിശ് പൊളിച്ചുനീക്കിയ ശേഷം ഇവിടെ ദിവസവും വൈകുന്നേരം കരുണക്കൊന്തയും ജപമാല പ്രാർഥനയും ചൊല്ലുന്നുണ്ട്.
കുരിശ് പിഴുതുമാറ്റിയ സംഭവം വിശുദ്ധവാരത്തിൽ വിശ്വാസികളുടെ മനസിൽ ആഴത്തിലേറ്റ മുറിവാണെന്ന് കഴിഞ്ഞ ദിവസം പള്ളി പാരിഷ് ഹാളിൽ ചേർന്ന പൊതുയോഗം ചൂണ്ടിക്കാട്ടി. ആറരപ്പതിറ്റാണ്ടായി കുടിയേറി കൃഷിചെയ്തു ജീവിക്കുന്ന ഭൂമി വനംവുപ്പിന്റേതാണെന്ന് സ്ഥാപിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. ‘വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ മതസ്ഥരുടെയും ഭൂരിപക്ഷം ആരാധനാലയങ്ങളും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പഞ്ചായത്തുകളായ കരിമണ്ണൂർ, ഉടുന്പന്നൂർ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കർഷകൻ രേഖാമൂലം പള്ളിക്ക് എഴുതി നൽകിയ കൈവശഭൂമി എങ്ങനെയാണ് കൈയേറ്റമാകുന്നത്? അധികാര ദുർവിനിയോഗം നടത്തിയ റേഞ്ച് ഓഫിസർക്കെതിരേ നടപടി സ്വീകരിക്കണം. പിഴുതെടുത്ത കുരിശ് തിരികെ സ്ഥാപിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണം. ക്രൈസ്തവർ അതിവിശുദ്ധമായി കരുതുന്ന കുരിശ് പിഴുതെടുത്ത് വനംവകുപ്പ് ഓഫിസിന്റെ തറയിൽ അവഹേളിക്കുന്ന വിധത്തിൽ കൊണ്ടുപോയിട്ടിരിക്കുന്നതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ തയാറകണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം’ -യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.