തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് നയപരമായ തീരുമാനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വേഗം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാല വിവാദ തീരുമാനങ്ങളില്‍ പ്രത്യക്ഷമായി അഴിമതി നടന്നവയില്‍ നടപടി സ്വീകരിക്കും. ചിലവ പ്രഖ്യാപിച്ചതിനാല്‍ പിന്‍വലിക്കല്‍ അസാധ്യമാണ്. തീരുമാനങ്ങളിലെ നല്ല കാര്യങ്ങള്‍ തുടരും. സംസ്ഥാനത്ത് നിലവിലെ എല്ലാ ചികിത്സാ പദ്ധതിയെയും സംയോജിപ്പിച്ച് സമഗ്രവും സമ്പൂര്‍ണവുമായ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കോക്ളിയര്‍ ഇംപ്ളാന്‍റ് സര്‍ജറിയും കാരുണ്യ ബെനവലന്‍റ് ഫണ്ടും നിര്‍ത്തില്ല. കാരുണ്യ ബെനവലന്‍റ് ഫണ്ടിന്‍െറ സംസ്ഥാനതല കമ്മിറ്റി എല്ലാ മാസവും നിശ്ചിത ദിവസം ചേരാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3200 കോടി രൂപ കടം വാങ്ങിയാണ് സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കിയത്. ഇങ്ങനെ പോകാന്‍ കഴിയില്ല. 1500 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും. ആദ്യഘട്ടത്തില്‍ 400 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കും. കിഫ്ബി സംബന്ധിച്ച് സെബി അടക്കമുള്ള സ്ഥാപനങ്ങള്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ശരാശരി ആറു മാസമാണ് നികുതി കമീഷണര്‍മാര്‍ പ്രവര്‍ത്തിച്ചത്. ഈ അരാജകത്വത്തെ ധനകാര്യ മാനേജ്മെന്‍റ് എന്നു പറയാന്‍ കഴിയില്ല.
ജി.എസ്.ടി ആദ്യവര്‍ഷം മോശമായിരിക്കും. അടുത്ത മൂന്നു വര്‍ഷംകൊണ്ട് കുറവ് പരിഹരിക്കണമെന്നും ഐസക് പറഞ്ഞു. കോക്ളിയര്‍ ഇംപ്ളാന്‍റ് സര്‍ജറി നിര്‍ത്തിവെച്ചിട്ടില്ളെന്നും ഈ സര്‍ക്കാര്‍ വന്നശേഷം 350 സര്‍ജറി നടത്തിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സൗജന്യ അര്‍ബുദ ചികിത്സാ പദ്ധതിയായ സുകൃതം പദ്ധതിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തുക നല്‍കാത്തതിനാല്‍ ചില ആശുപത്രികള്‍ തടസ്സം പറഞ്ഞു. അതു ശ്രദ്ധയില്‍പെട്ട ഉടന്‍ പദ്ധതി തടസ്സമില്ലാതെ നടത്താന്‍ നിര്‍ദേശിച്ചെന്നും അവര്‍ പറഞ്ഞു. കര്‍ഷക പെന്‍ഷന്‍ പദ്ധതി വ്യവസ്ഥാപിതമാക്കുമെന്ന് കൃഷിമന്ത്രിയും അറിയിച്ചു. കര്‍ഷകക്ഷേമ ബോര്‍ഡിനെ പെന്‍ഷനുമായി ബന്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.