ഗവർണർക്ക് കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : ഗവർണർക്ക് കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് മുൻ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. ഗവർണർക്ക് ഏകപക്ഷീയമായ ഒരു എക്സിക്യൂട്ടീവ് അധികാരവുമില്ല. താനാണ് ഗവർണർ, തനിക്ക് തോന്നിയതൊക്കെ ചെയ്യാൻ അവകാശമുണ്ട്, എന്ന അദ്ദേഹത്തിന്റെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്നു പറയാൻ കൂടുതൽ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമർശമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.



 


ഫേസ് ബുക്കിലെ പൂർണ രൂപം

ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടി കൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ? എല്ലാത്തിനും നിയമവും നടപടിക്രമങ്ങളുമുണ്ടെന്നും അതു പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുമാണ് കേരള സർക്കാരും എൽഡിഎഫും ഗവർണറോട് എപ്പോഴും പറയുന്നത്.

അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്സിക്യൂട്ടീവ് അധികാരവുമില്ല. താനാണ് ഗവർണർ, തനിക്ക് തോന്നിയതൊക്കെ ചെയ്യാൻ അവകാശമുണ്ട്, എന്ന അദ്ദേഹത്തിന്റെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ അദ്ദേഹം നടത്തി.

കോടതി വിധി നോക്കൂ. രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്നു പറയാൻ കൂടുതൽ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമർശം (It does not require much judgments to say no one can be asked to tender resignation).

അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തിന്റെയും ഉന്നതരായ അഭിഭാഷകരുമായി നടത്തുന്ന ചർച്ചയുടെയും നിലവാരമെന്താണ് എന്ന് വ്യക്തമല്ലേ.

യഥാർത്ഥത്തിൽ ഗവർണർ ഇത്ര തിടുക്കപ്പെട്ട് വിസിമാർക്കെതിരെ രംഗത്തിറങ്ങിയത് എന്തിനാണ്? അക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല.

സുപ്രിംകോടതി വിധിയുടെ കാര്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ച നിയമനമാണ് അതെന്ന് ഗവർണർ ഓർക്കണം. സുപ്രിംകോടതി വിധിയോടെ ആ വിധികൾ അസാധുവായി എന്നതു ശരി. എന്നാൽ അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ട്.

ഒരു നിയമവും പാലിക്കാതെയല്ല വിസിമാരുടെ നിയമനങ്ങൾ നടത്തിയത്. സർവകലാശാലാ നിയമം പാലിച്ചു തന്നെയാണ്. സെർച്ച് കമ്മിറ്റിയ്ക്ക് ഏകകണ്ഠമായി ഒരാളുടെ പേരു നിർദ്ദേശിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യാം എന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ചീഫ് സെക്രട്ടറിയൊക്കെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതും അതതു സമയത്തെ ഗവർണറുമായി ആലോചിച്ചെടുത്ത തീരുമാനവുമാണ്. ഇത്തരത്തിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ അസാധുവായി പ്രഖ്യാപിക്കാൻ തനിക്ക് അധികാരമുണ്ടെന്നാണ് ഗവർണറുടെ ഭാവം.

അങ്ങനെയൊരു അധികാരമൊന്നും ഗവർണർക്കില്ലെന്നാണ് വിസിമാർ ഹൈക്കോടതിയിൽ വാദിച്ചത്. അക്കാര്യം കൂടുതൽ വിശദമായി പരിശോധിക്കണമെന്നാണ് ഹൈക്കോടതി വിധിയും.

അതായത്, കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിയ്ക്കു ശേഷം വിസിമാരെ പുറത്താക്കാൻ തീരുമാനിച്ചാൽ അതും കോടതിയുടെ പരിഗണനയ്ക്കു വരുമെന്നർത്ഥം.

എന്നുവെച്ചാൽ അനന്തവും ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തതുമായ ഒരധികാരവും സംസ്ഥാന ഗവർണർക്കില്ല.

ഈ കോടതിവിധിയോടെ ആ പാഠം ഗവർണർക്കു തിരിയുമോ? ഇല്ലെങ്കിൽ അദ്ദേഹത്തെ പഠിപ്പിക്കാൻ ജനാധിപത്യത്തിൽ വഴികളുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രക്ഷോഭം അതിനാണ്.

Tags:    
News Summary - Thomas Isaac says that the court verdict is a setback for the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.