കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കൂടുതൽ സജീവമാക്കി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, അനുനയ നീക്കവുമായി എത്തിയ കോൺഗ്രസ് നേതാക്കളോട് വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചനയില്ലെന്ന പരാതി അദ്ദേഹം ഉന്നയിച്ചുവെന്നാണ് സൂചന.
ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് നിലപാട് അറിയക്കാത്തതിൽ സുകുമാരൻ നായർ അതൃപ്തി അറിയിച്ചു. അതേസമയം, സുകുമാരൻ നായരെ കണ്ടത് രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.സന്ദർശനത്തിന്റെ കൂടുതൽ വിശദാശംങ്ങൾ ഇപ്പോൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ എൻ എസ് എസ് സന്ദർശനം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സന്ദർശനത്തിൽ നിന്ന് ആരേയും വിലക്കിയിട്ടില്ല..ചർച്ചകൾക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. എൻ.എസ്.എസുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ചകൾ സൗഹൃദ സന്ദേശങ്ങളാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.
നേരത്തെ ശനിയാഴ്ച പെരുന്നയിലെ ആസ്ഥാനത്ത് എൻ.എസ്.എസ് പരമാധികാര സഭയുടെ പൊതുയോഗത്തിൽ സർക്കാറിന് അനുകൂല നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. സമുദായ പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന സുകുമാരൻ നായരുടെ ആഹ്വാനത്തെ ഡയറക്ടർ ബോർഡംഗങ്ങളും പ്രതിനിധി സഭാംഗങ്ങളും ഐക്യകണ്ഠേന പിന്തുണക്കുകയും ചെയ്തു.
സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ സ്വീകരിച്ച നിലപാട് പിന്തുടരുകയാണ് നായർ സർവീസ് സൊസൈറ്റി ചെയ്യുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. ആചാരവും അനുഷ്ഠാനവും സംരക്ഷിച്ചു കൊണ്ട് ശബരിമലയിൽ വികസനം നടത്തുന്നതിന് സർക്കാർ സമ്മേളനം വിളിച്ചതിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.