തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ വിഭാഗീയതാ വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചതിന് പിന്നാലെ, സി.പി.എമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍. തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. പാർട്ടിയുമായി ഇടഞ്ഞ മധു മുല്ലശ്ശേരി സി.പി.എം വിട്ടേക്കുമെന്നാണ് സൂചന. സി.പി.എമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവർത്തകരും പാർട്ടി വിടുമെന്നും മധു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് ജോയ് എന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയർന്നത്.
അതിനിടെ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടേക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളിയിൽ സി.പി.എമ്മിലുണ്ടായ പ്രശ്‌നം. പലയിടത്തും നേതൃത്വം നിലനിർത്താൻ പാർട്ടിയിലെ പ്രദേശിക വിഭാഗങ്ങൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.